ഒടുവിൽ ഫയർഫോഴ്സ് കണ്ടെത്തി ഉരുൾപൊട്ടിയത് ആദ്യം വിളിച്ചറിയിച്ച മണികണ്ഠനെ
മേപ്പാടി > വയനാട് ദുരന്തം നടന്നിട്ട് എട്ട് നാൾ പിന്നിട്ടിരിക്കുകയാണ്. ഉരുൾപൊട്ടൽ മുണ്ടക്കൈയിലും ചൂരൽമലയിലും നാനൂറോളം പേരുടെ ജീവനെടുത്തു എന്നാണ് അനൗദ്യോഗിക കണക്കുകൾ. 180 പേരെ ഇനിയും കണ്ടെത്താനുണ്ട്. ദുരന്തത്തിൽ നിന്ന് ജീവൻ രക്ഷപെട്ട് നിരവധി പേരാണ് ക്യാമ്പുകളിൽ കഴിയുന്നത്. ദുരന്തത്തിന്റെ ആദ്യ നിമിഷങ്ങളിൽ തന്നെ പ്രദേശവാസികളോടൊപ്പം അവിടേക്ക് ഓടിയെത്തിയവരിൽ ഫയർഫോഴ്സ് സേനാംഗങ്ങളും ഉണ്ടായിരുന്നു. മണികണ്ഠൻ എന്ന യുവാവിന്റെ ഫോൺ കോളായിരുന്നു ഫയർഫോഴ്സിനെ ഇങ്ങോട്ടേക്കെത്തിച്ചത്. മണികണ്ഠന്റെ ആ വിളി നൂറുകണക്കിന് ആൾക്കാരെ രക്ഷിക്കാൻ സഹായിച്ചെന്ന് ഫയർഫോഴ്സ് പറയുന്നു. എന്നാൽ ദുരന്തമുഖത്തെത്തി മണികണ്ഠന്റെ ഫോണിലേക്ക് വിളിച്ചപ്പോൾ പ്രതികരണം ഉണ്ടായില്ല. ആ നിമിഷം മുതൽ മണികണ്ഠൻ ജീവനോടെ ഉണ്ടാകണേ എന്നാണ് ആദ്യവിളിയിൽ അവിടേക്കെത്തിയ ഓരോ ഫയർഫോഴ്സ് അംഗവും ഏറ്റവുമധികം ആഗ്രഹിച്ചത്. ഒടുവിൽ ചൊവ്വാഴ്ച ആ ടീമിനെ കാണാൽ മണികണ്ഠനെത്തി. തങ്ങളുടെ പ്രാർത്ഥന ഫലം കണ്ടു എന്നു പറഞ്ഞാണ് മണികണ്ഠനെ കണ്ടുമുട്ടിയ സന്തോഷം ഫയർഫോഴ്സ് ഫേസ്ബുക്കിൽ പങ്കുവച്ചത്. പോസ്റ്റിന്റെ പൂർണരൂപം ഉരുൾ പൊട്ടൽ വിവരം ആദ്യം ഫയർഫോഴ്‌സിനെ വിളിച്ച് അറിയിച്ച മണികണ്ഠൻ.. വിവരമറിഞ്ഞ് എത്തിയ ഞങ്ങൾ അവന്റെ ഫോണിൽ വിളിച്ചു..പക്ഷേ കിട്ടിയില്ല.. മണികണ്ഠന്റെ ആ വിളിയാണ് നൂറുകണക്കിന് ആൾക്കാരെ രക്ഷിക്കാൻ സഹായിച്ചത്.. പക്ഷേ അപ്പോഴും മണികണ്ഠൻ കാണാ മറയത്ത് ആയിരുന്നു.. അവൻ ജീവനോടെ ഉണ്ടാകണേ എന്ന പ്രാർത്ഥന മാത്രമായിരുന്നു ഞങ്ങൾക്ക്.. ഞങ്ങളുടെ പ്രാർത്ഥന ഫലം കണ്ടു.. ഇന്ന് അവൻ ഞങ്ങളെ കാണാൻ വന്നു.. ഒരുപാട് ജീവൻ രക്ഷിക്കാൻ കാരണക്കാരനായ മണികണ്ഠൻ.. Read on deshabhimani.com