നിറസന്തോഷത്തോടെ അവരെത്തി, ബിരുദം ഏറ്റുവാങ്ങാൻ



കൊച്ചി അധ്യാപകദിനത്തിൽ മഹാരാജാസ് ഗവ. കോളേജിലെ ബിരുദ–-ബിരുദാനന്തര ബിരുദധാരികൾ നിറസന്തോഷത്തോടെ സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങാനെത്തി. ഇംഗ്ലീഷ് മെയിൻ ഹാളിൽ സംഘടിപ്പിച്ച ബിരുദദാനച്ചടങ്ങ്‌ എംജി സർവകലാശാല വൈസ് ചാൻസലർ ഡോ. സി ടി അരവിന്ദകുമാർ ഉദ്ഘാടനം ചെയ്തു. 2024ൽ കോഴ്സുകൾ വിജയകരമായി പൂർത്തിയാക്കിയ 770 കുട്ടികൾ സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങി. ചെറിയ ഇടവേളയ്‌ക്കുശേഷം ക്യാമ്പസിൽ തിരിച്ചെത്തിയതിന്റെ ആഹ്ലാദത്തിലായിരുന്നു കുട്ടികൾ. സൗഹൃദം പങ്കുവച്ചും ഗ്രൂപ്പുഫോട്ടോയും സെൽഫിയും എടുത്തും അവർ ക്യാമ്പസിൽ ഒരുനാൾ മുഴുവൻ നിറഞ്ഞുനിന്നു. ഇരുപത്തൊന്ന്‌ ബിരുദ കോഴ്‌സുകളിലെ 450 വിദ്യാർഥികളും 22 ബിരുദാനന്തര കോഴ്‌സുകളിലെ 220 വിദ്യാർഥികളുമാണ്‌ സത്യപ്രതിജ്ഞ ചെയ്‌ത്‌ സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങിയത്‌. കറുപ്പിൽ ചുവപ്പ്‌ കലർന്ന കോട്ടും ബിരുദത്തൊപ്പിയും അണിഞ്ഞ്‌, രക്ഷിതാക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പം കലാലയത്തിൽ എത്തിയാണ്‌ ബിരുദം സ്വന്തമാക്കിയത്‌.   കൊച്ചി സിറ്റി പൊലീസ് കമീഷണർ എസ് ശ്യാംസുന്ദർ മുഖ്യാതിഥിയായി. പ്രിൻസിപ്പൽ ഡോ. ഷജില ബീവി അധ്യക്ഷയായി. ജോയിന്റ്‌ കൺട്രോളർ ഡോ. സമീറ രാജൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വൈസ് പ്രിൻസിപ്പൽമാരായ ഡോ. ടി വി സുജ, ഡോ. ജി എൻ പ്രകാശ്, പിടിഎ വൈസ് പ്രസിഡന്റ്‌ അഡ്വ. മേരി ഹർഷ, സെനറ്റ് അംഗങ്ങളായ തോമസ് ആന്റണി, സാബു മുകുന്ദൻ, ഡോ. എം എസ് മുരളി, എൻ വി വാസു എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News