സർക്കാർ വാക്കുപാലിച്ചു ; പഴിയും അധിക്ഷേപവും പിൻവലിക്കുമോ
തിരുവനന്തപുരം സർക്കാരും എൽഡിഎഫും പറഞ്ഞതു പ്രകാരം അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എഡിജിപി എം ആർ അജിത്‌കുമാറിനെതിരെ നടപടിയെടുത്തിരിക്കുന്നു. അന്നും ഇന്നും നിലപാടിൽ ഉറച്ചുനിന്ന സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും എതിരെ ആഴ്‌ചകളായി മാധ്യമങ്ങളും പ്രതിപക്ഷവും പ്രചരിപ്പിച്ച അപവാദങ്ങളും അധിക്ഷേപങ്ങളും പിൻവലിച്ച് മാപ്പുപറയുമോ? ആരോപണം ഉന്നയിച്ച ഉടൻ ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കാൻ ചട്ടം അനുവദിക്കുന്നില്ല. താൽകാലിക രാഷ്‌ട്രീയ നേട്ടത്തിനുവേണ്ടി ഉദ്യോഗസ്ഥർക്കെതിരെ നടപടി സർക്കാർ നയമല്ല; ഉദ്യോഗസ്ഥരെ ഉപയോഗിച്ച് രാഷ്‌ട്രീയ ലക്ഷ്യം സാധിക്കലും. സർക്കാരിനെയും എൽഡിഎഫിനെയും സമ്മർദത്തിലാക്കി തിടുക്കത്തിൽ നടപടികൾ എടുത്ത് തിരിച്ചടി നൽകാനും പരമാവധി അപഹസിക്കാനും നടത്തിയ ഗൂഢനീക്കങ്ങളാണ് തകർന്നുവീണതെന്ന് ഇപ്പോൾ തെളിഞ്ഞു. ഉയർന്നുവന്ന പ്രശ്നങ്ങൾ ഏതായാലും ആര് ഉന്നയിച്ചുവെന്നത് പരിഗണിക്കാതെ അന്വേഷിച്ച് യുക്തമായ നടപടിയിലേക്ക് സർക്കാർ കടക്കുമെന്ന് ഇപ്പോൾ ഏവർക്കും ബോധ്യമായിട്ടുണ്ടാകും. ജനങ്ങൾ എൽഡിഎഫിന് നൽകുന്ന വിശ്വാസത്തിന്റെ അടിസ്ഥാനവും അതാണ്. പൊലീസ് മേധാവിയെത്തന്നെ അന്വേഷണം ഏൽപ്പിച്ചതുവഴി ഇക്കാര്യങ്ങളിലൊന്നും ഒരുതരത്തിലുള്ള അലംഭാവമോ വിട്ടുവീഴ്‌ചയോ ഇല്ലെന്ന് മാത്രമല്ല, ആരോടും പ്രത്യേക മമതയില്ലെന്ന നിലപാട് കൂടിയാണ് തെളിഞ്ഞത്. ആർഎസ്‌എസ് നേതാക്കളെ എഡിജിപി എന്തിന് കണ്ടുവെന്നത് അന്വേഷിച്ച് തെളിയിക്കണമെന്നത് സുവ്യക്തമായ നിലപാടായിരുന്നു. അക്കാര്യം ഡിജിപിയെയും ചില കാര്യങ്ങളിൽ വിജിലൻസ് പരിശോധന വേണമെന്നതിനാൽ പ്രത്യേക വിജിലൻസ് സംഘത്തെയും സർക്കാർ നിയോഗിച്ചു. അന്വേഷണങ്ങൾക്ക് ഒരു മാസം സമയം അനുവദിച്ചു. ആ ചുരുങ്ങിയ കാലം പോലും കാത്തിരിക്കാൻ തയ്യാറാകാതെയാണ് പരാതി ഉന്നയിച്ച പി വി അൻവർ മുഖ്യമന്ത്രിക്കെതിരെ തിരിഞ്ഞതും എൽഡിഎഫ് വിട്ടതും. ഒപ്പം ചില മാധ്യമങ്ങളും രംഗം കൊഴുപ്പിച്ചു. അന്വേഷണമല്ല, മുഖ്യമന്ത്രിയെയും സിപിഐ എമ്മിനെയും ആക്ഷേപിക്കുക മാത്രമായിരുന്നു ലക്ഷ്യമെന്ന് മനസിലാകാൻ ഇതിലപ്പുറം തെളിവൊന്നും വേണ്ട. Read on deshabhimani.com