ലോറിയിൽ കൊണ്ടുവന്ന്
 മാലിന്യം തള്ളുന്നവർ പിടിയിൽ



തൃക്കാക്കര കാക്കനാട് തുതിയൂർ കാളച്ചാൽ തോട് പരിസരത്ത് വൻതോതിൽ മാലിന്യം തള്ളുന്നത് പതിവാക്കിയ ലോറി ഉടമയെയും ഡ്രൈവറെയും നഗരസഭ ആരോഗ്യവിഭാഗം പിടികൂടി. ലോറി ഉടമ മാറമ്പിള്ളി സ്വദേശി സക്കീർ, ഡ്രൈവർ വാഴക്കാല സ്വദേശി ഫൈസൽ എന്നിവരാണ്  പിടിയിലായത്. ഇവരെ തൃക്കാക്കര പൊലീസിന് കൈമാറി. കഴിഞ്ഞമാസം ഇതേ ലോറിയിൽ ഇവിടെ മാലിന്യം തള്ളിയതിന് ഇവരെ ആരോഗ്യവിഭാഗം പിടികൂടി ഒന്നരലക്ഷം രൂപ പിഴ ചുമത്തിയിരുന്നു. പിഴയൊടുക്കാൻ തയ്യാറാകാതെ വീണ്ടും വൻതോതിൽ പ്ലാസ്റ്റിക് മാലിന്യവുമായെത്തിയപ്പോൾ പിടികൂടുകയായിരുന്നു. വാഹനത്തിന്റെ നമ്പർ തിരിച്ചറിയാതിരിക്കാൻ ചെളിതേച്ച് നമ്പർ പ്ലേറ്റ് മറച്ചിരുന്നു. മാറമ്പിള്ളി ഭാഗത്തുനിന്നുള്ള സ്വകാര്യകമ്പനികളിൽനിന്ന്‌ പ്ലാസ്റ്റിക് മാലിന്യം നീക്കാൻ ലക്ഷങ്ങൾക്ക് കരാർ എടുത്തവർ സ്ഥിരമായി തുതിയൂർ കാളച്ചാൽ തോടിനുസമീപം മാലിന്യം തള്ളുന്നത് പതിവാക്കുകയാണ്. പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ അബ്ദുൽ സത്താർ, താരിഫ് ഇബ്രാഹിം, അമൽ തോമസ്, ജെന്നി ജോസ്, സബീന എന്നിവരുടെ നേതൃത്വത്തിലാണ് വാഹനം പിടിച്ചെടുത്തത്. Read on deshabhimani.com

Related News