മത്സ്യത്തൊഴിലാളികളെ സ്വകാര്യ പണമിടപാട‌ുകാർ പിഴിയുന്നു



കൊച്ചി സ്വകാര്യ പണമിടപാടുകാരിൽനിന്ന് വായ‌്പയെടുക്കുന്ന മത്സ്യത്തൊഴിലാളികൾ സാമ്പത്തിക ചൂഷണത്തിന് വിധേയരാകുന്നുവെന്നും വൻ ബാധ്യത വരുന്നുവെന്നും പഠനറിപ്പോർട്ട‌്. കേരളത്തിലെ മത്സ്യമേഖലയിലെ അനാരോഗ്യകരമായ സാമ്പത്തിക പ്രവണതകളെക്കുറിച്ച‌് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണസ്ഥാപനമാണ‌് (സിഎംഎഫ്ആർഐ) പഠനം നടത്തിയത‌്. അന്താരാഷ്ട്ര ഗവേഷണ ജേർണലായ മറൈൻ പോളിസിയിലാണ‌് റിപ്പോർട്ട‌് പ്രസിദ്ധീകരിച്ചത‌്. ഔദ്യോഗിക ധനകാര്യ സ്ഥാപനങ്ങളുമായുള്ള പണമിടപാടുകൾ കുറവായ മത്സ്യമേഖലയിൽ, സ്വകാര്യ വായ്പാദാതാക്കളുടെ ആധിപത്യമാണുള്ളതെന്നും  പഠനം വ്യക്തമാക്കുന്നു. മത്സ്യഫെഡ് സൊസൈറ്റികൾ, സഹകരണ -വാണിജ്യ ബാങ്കുകൾ, മറ്റു ധനകാര്യസ്ഥാപനങ്ങൾ എന്നീ ഔദ്യോഗിക വായ്പാദാതാക്കൾ ഉണ്ടായിരിക്കെയാണ് മത്സ്യത്തൊഴിലാളികൾ അനൗദ്യോഗിക ഇടപാടുകാരെ ആശ്രയിക്കുന്നത്. 160 ശതമാനംവരെ പലിശനിരക്കിൽ വായ്പ തിരിച്ചടയ‌്ക്കേണ്ട അവസ്ഥയാണുള്ളതെന്ന‌് പഠനം വ്യക്തമാക്കുന്നു. കൂടുതൽ മീൻ ലഭിക്കുന്ന സാഹചര്യത്തിൽ കൂടുതൽ പലിശ നൽകേണ്ട സ്ഥിതിയാണുള്ളത്. 60 ശതമാനം ബോട്ടുകൾക്ക് മത്സ്യഫെഡ് സൊസൈറ്റികൾ വായ‌്പ നൽകുന്നുണ്ട്. എന്നാൽ, മറ്റ് ഔദ്യോഗിക ധനകാര്യസ്ഥാപനങ്ങളിൽനിന്നും 20 ശതമാനത്തിൽ താഴെ മാത്രമാണ് വായ്പയെടുക്കുന്നതെന്നും പഠനത്തിൽ പറയുന്നു. സംസ്ഥാനത്തെ എട്ടു തീരദേശ ജില്ലകളിൽനിന്നുള്ള വിവരങ്ങളാണ് സിഎംഎഫ്ആർഐ പഠനവിധേയമാക്കിയത്. സാമൂഹിക-സാമ്പത്തിക വിഭാഗം സീനിയർ ശാസ‌്ത്രജ്ഞൻ ഡോ. ഷിനോജ് പാറപ്പുറത്ത‌്, ഡോ. സി രാമചന്ദ്രൻ, ഡോ. കെ കെ ബൈജു, മത്സ്യത്തൊഴിലാളിയായ ആന്റണി സേവ്യർ എന്നിവരും പഠന സംഘത്തിലുണ്ടായി. Read on deshabhimani.com

Related News