കുളമ്പുരോഗം, ചർമമുഴ ; കന്നുകാലികൾക്ക് 
പ്രതിരോധ കുത്തിവയ്പ് തുടങ്ങി



മൂവാറ്റുപുഴ കുളമ്പുരോഗം, ചർമമുഴ രോഗം എന്നിവയ്ക്കെതിരെ കന്നുകാലികൾക്ക് സൗജന്യ പ്രതിരോധ കുത്തിവയ്പ് ജില്ലയിൽ തുടങ്ങി. ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായാണിത്‌. ദൈനംദിന വാക്സിനേഷൻ വിവരങ്ങൾ ഭാരത് പശുധൻ എഎച്ച് ഡി പോർട്ടലിൽ രേഖപ്പെടുത്തും. സെപ്തംബർ 13 വരെയായി 1,18,090 കന്നുകാലികൾക്ക്  കുത്തിവയ്പ് നൽകും. കേന്ദ്ര ഏജൻസി നേരിട്ടും ജില്ല, താലൂക്ക്, ബ്ലോക്ക് പഞ്ചായത്ത് തലങ്ങളിലും മോണിറ്ററിങ്‌ നടത്തും. പരിശീലനം നേടിയ 157 സംഘം ജില്ലയിലെ ക്ഷീരകർഷകരുടെ വീടുകളിലെത്തി പശുക്കൾക്കും എരുമകൾക്കും സൗജന്യ വാക്സിനേഷൻ നൽകും. ജില്ലാ ഉദ്ഘാടനം മാറാടി പഞ്ചായത്തിൽ കായനാട് ജില്ലാപഞ്ചായത്ത് പ്രസിഡന്റ്‌ മനോജ് മൂത്തേടൻ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ്‌ ഒ പി ബേബി അധ്യക്ഷനായി. എഡിസിപി ജില്ലാ കോ–-ഓർഡിനേറ്റർ ഡോ. ബിജു ജെ ചെമ്പരത്തി, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ജി സജികുമാർ, ജില്ലാപഞ്ചായത്ത് അംഗം ഉല്ലാസ് തോമസ് തുടങ്ങിയവർ സംസാരിച്ചു. Read on deshabhimani.com

Related News