തിരമാലയില്‍ നടപ്പാത തകര്‍ന്നു; ഇമ്മാനുവൽ കോട്ടമതില്‍ വെളിവായി
മട്ടാഞ്ചേരി ഫോർട്ട്‌കൊച്ചിയിൽ വീണ്ടും ചരിത്രശേഷിപ്പ് തെളിഞ്ഞു. ഫോർട്ട്‌കൊച്ചി സൗത്ത് കടപ്പുറത്ത് കഴിഞ്ഞദിവസം ശക്തമായ തിരമാലയിൽ പുതിയ നടപ്പാത തകർന്ന് ഇടിഞ്ഞതോടെയാണ് രാജ്യത്തെ ആദ്യ യൂറോപ്യൻ കോട്ടയായ ഇമ്മാനുവൽ കോട്ടയുടെ (ഫോർട്ട് മാനുവൽ ഡി കൊച്ചി) ചെങ്കല്ലിൽത്തീർത്ത സുരക്ഷാമതിലിന്റെ ഭാഗങ്ങൾ ദൃശ്യമായത്. 1503ൽ പോർച്ചുഗീസുകാരാണ് കോട്ട പണിതത്. കോട്ടയുടെ മതിലിനു മുകളിലാണ് കടപ്പുറം നവീകരണത്തിന്റെ ഭാഗമായി നടപ്പാത നിര്‍മിച്ചതെന്ന് മുൻ മേയറും ചരിത്രകാരനുമായ കെ ജെ സോഹൻ പറഞ്ഞു. വീതിയിൽ ചെങ്കല്ലിലാണ് സുരക്ഷാഭിത്തി പണി തീർത്തിരുന്നത്. 1663ൽ ഡച്ചുകാർ കൊച്ചി പിടിച്ചടക്കിയപ്പോൾ പോർച്ചുഗീസ് കോട്ട തകർത്തു. കഴിഞ്ഞദിവസം കടൽ കയറി ഇറങ്ങിയപ്പോൾ കോട്ടയുടെ അടിത്തറ ഭാഗം കണ്ടെത്തിയിരുന്നു. ഈ ചരിത്രനിര്‍മിതി സംരക്ഷിക്കാൻ ഒരുനടപടിയും ഇതുവരെയില്ല. ഈ കോട്ട കാരണമാണ് പ്രദേശം "ഫോർട്ട്കൊച്ചി' എന്നറിയപ്പെടുന്നത്. Read on deshabhimani.com