സുഖ്റാമിന്റെ നോട്ടുമെത്ത റാവുവിന്റെ സ്യൂട്ട്‌കേസ്
തിരുവനന്തപുരം നോട്ടുകെട്ടുകൾ കൊണ്ട് കിടക്ക തുന്നിയതുമുതൽ തെരഞ്ഞെടുപ്പ് ഫണ്ടിൽനിന്നും കാൽക്കോടി അടിച്ചുമാറ്റിയതുവരെ നീളുന്ന പണപ്പെട്ടിക്കഥകളുടെ തുടർച്ചയാണ് പാലക്കാടും അരങ്ങേറിയത്. മൂന്നു പതിറ്റാണ്ടുമുമ്പാണ് കോൺഗ്രസിനെയാകെ നാണക്കേടിലാക്കിയ നോട്ടുകിടക്ക വിവാദം. നരസിംഹ റാവുവിന്റെ കോൺഗ്രസ് സർക്കാരിൽ ടെലികോം മന്ത്രിയായിരുന്ന സുഖ്‌റാം കിടന്നുറങ്ങിയിരുന്നത് നോട്ടുകെട്ടുകൾ നിറച്ച മെത്തയിൽ. 1996 ൽ ഡൽഹിയിലും ഹിമാചലിലെ മണ്ഡിയിലുമുള്ള സുഖ്‌റാമിന്റെ വസതികളിൽ സിബിഐ റെയ്‌ഡു നടത്തിയപ്പോഴാണ് കള്ളപ്പണം നിറച്ച മെത്തകൾ കണ്ടെത്തിയത്. ഡൽഹിയിലെ വീട്ടിൽ നിന്നും 2.45 കോടിയും മണ്ഡിയിലെ വസതിയിൽ നിന്നും 1.16 കോടി രൂപയുടെയും കള്ളപ്പണം പിടിച്ചെടുത്തു. സ്യൂട്ട്‌കെയ്‌സ് രാഷ്ട്രീയത്തിന്റെ മറ്റൊരു വക്താവായിരുന്നു മുൻ പ്രധാനമന്ത്രി പി വി നരസിംഹറാവു. അവിശ്വാസ പ്രമേയത്തെ മറികടക്കാൻ ജാർഖണ്ഡ് മുക്തി മോർച്ചയിലെയും ജനതാദളിലെ അജിത്‌സിങ് വിഭാഗത്തിലെയും എംപിമാർക്ക് കൈക്കൂലി നൽകിയെന്നായിരുന്നു ആരോപണം. റാവുവിനെതിരെ ഒരു കോടി രൂപയുടെ ആരോപണമുയർന്നപ്പോൾ ഒരു കറുത്ത സ്യൂട്ട്‌കേസിനെക്കുറിച്ച് രാജ്യം ചർച്ചചെയ്‌തു. ഒരു കോടി അടുക്കിവയ്‌ക്കാൻ സ്യൂട്ട്‌കേസ് പോരെന്ന വാദമായിരുന്നു കോൺഗ്രസ് ഉയർത്തിയത്. സമാനമായി തന്റെ ട്രോളിയിൽ 25 ലക്ഷം രൂപ പോലും കൊള്ളില്ലെന്നാണ് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥിയുടെയും വാദം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് 25 കോടി കാണാതായെന്ന് ആരോപണം വന്നപ്പോഴും നേതൃത്വത്തിന് മൗനമായിരുന്നു. Read on deshabhimani.com