ജനകീയ
 ആഘോഷമായി
 വിളവെടുപ്പുത്സവം

കരുമാല്ലൂരിൽ ബിജു തച്ചോറയുടെ നെൽപ്പാടത്ത് ചെറുവയൽ രാമനുമായി ചേർന്ന് മന്ത്രി പി രാജീവ് കൊയ്--ത്ത് നടത്തുന്നു


കളമശേരി വ്യവസായനഗരിയായ കളമശേരിയുടെ കാർഷികസാധ്യതകളെ പോഷിപ്പിക്കാൻ മന്ത്രി പി രാജീവ് മണ്ഡലത്തിൽ നടപ്പാക്കിയ ‘കൃഷിക്കൊപ്പം കളമശേരി' പദ്ധതിയിലെ വിളവെടുപ്പുത്സവം ആഘോഷമായി. രണ്ടാമത് കളമശേരി കാർഷികോത്സവത്തിനു മുന്നോടിയായാണ് ശനി രാവിലെമുതൽ വിവിധ കൃഷിയിടങ്ങളിലെ വിളവെടുപ്പുത്സവം നടത്തിയത്. മന്ത്രി പി രാജീവിന്റെ നേതൃത്വത്തിൽ കുന്നുകരയിലെ സുനീറിന്റെ ചെണ്ടുമല്ലിത്തോട്ടത്തിലെ പൂക്കളിറുത്ത് രാവിലെ എട്ടിനാണ് വിളവെടുപ്പ് ആരംഭിച്ചത്. കരുമാല്ലൂരിൽ ബിജു തച്ചോറയുടെ നെൽപ്പാടത്ത് വയനാടിന്റെ നെൽവിത്തുകളുടെ കാവൽക്കാരൻ ചെറുവയൽ രാമനും മന്ത്രിക്കൊപ്പമെത്തി. ‘കടമ്പൻ മൂത്താനും' വിളവെടുപ്പുസംഘത്തിനൊപ്പം ചേർന്നതോടെ കൊയ്ത്ത് ജനകീയ ആഘോഷമായി. വിവിധ കേന്ദ്രങ്ങളിൽ കൂവ, പച്ചക്കറി, കരിമ്പ്, ചേന, പയർ, കപ്പ, പൂക്കൾ, വെണ്ട, കൂൺ തുടങ്ങിയവയുടെ വിളവെടുപ്പും മന്ത്രി ഉദ്ഘാടനം ചെയ്തു. ആലങ്ങാട് വിപിൻദാസ് ആൻഡ് അഭിലാഷ് ഡെയറി ഫാമിൽ പശുവിനെ കറന്ന് ക്ഷീരവിളവെടുപ്പും നടത്തി. പകൽ രണ്ടോടെ കളമശേരിയിൽ ഐ എം റഹിമിന്റെ മീൻകൃഷി വിളവെടുപ്പോടെയാണ് 20 കൃഷിയിടങ്ങളിലായി നടത്തിയ മണ്ഡലത്തിലെ വിളവെടുപ്പുത്സവം സമാപിച്ചത്.   Read on deshabhimani.com

Related News