കള്ളപ്പണം ; ബിജെപിക്ക്‌ പിന്നാലെ 
കോൺഗ്രസും പ്രതിരോധത്തിൽ



തിരുവനന്തപുരം ചാക്കുകെട്ടുകളിൽ വന്ന കുഴൽപ്പണ വെളിപ്പെടുത്തലിൽ കുരുങ്ങിയ ബിജെപിക്ക്‌ പിന്നാലെ കള്ളപ്പണമടങ്ങിയ ട്രോളി ബാഗ്‌ ആരോപണത്തിന്‌ മറുപടിയില്ലാതെ കോൺഗ്രസ്‌. നേതാക്കളും പ്രവർത്തകരും കൂട്ടത്തോടെ കൊഴിഞ്ഞുപോകുന്ന സമയത്താണ്‌ കൂനിന്മേൽ കുരുപോലെ കള്ളപ്പണം വെളിച്ചത്തായത്‌. ഉപതെരഞ്ഞെടുപ്പിൽ ഇരുപാർടികളേയും പ്രതികൂലമായി ബാധിക്കുന്നവയാണിതെന്ന്‌ വ്യക്തം. പണവുമില്ല, പെട്ടിയുമില്ലെന്ന്‌ രാവിലെ പറഞ്ഞ കോൺഗ്രസുകാർക്ക്‌ ദൃശ്യങ്ങൾ പുറത്തുവരുമെന്നായതോടെ മാറ്റിപ്പറയേണ്ടിവന്നു. ഇത്തരം ബാലിശമായ കാര്യങ്ങൾ ചോദിക്കരുതെന്ന്‌ പറഞ്ഞ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശനും തന്റെ ദുർബലവാദങ്ങൾ ആവർത്തിക്കേണ്ടി വരുന്നു. കോൺഗ്രസ്‌ സ്ഥാനാർഥിയോ നേതാക്കളോ താമസിക്കാത്ത ഹോട്ടലിൽ ഒരു പ്രതി എന്തിന്‌ ട്രോളി ബാഗുമായി വന്നു എന്നതിന്‌ ഉത്തരമില്ല. ട്രോളി ബാഗിൽ വസ്‌ത്രമാണെന്നും ഇത്‌ പരസ്‌പരം മാറി ഉപയോഗിക്കാറുണ്ടെന്നുമുള്ള രാഹുൽ മാങ്കൂട്ടത്തിലിന്റെ ‘സീരിയൽ നുണക്കഥ’ അനുയായികൾ പോലും വിശ്വസിക്കുന്നുണ്ടാവില്ല. പറഞ്ഞതെല്ലാം വസ്‌തുതാവിരുദ്ധമാണെന്ന്‌ തെളിയിക്കുന്ന കൂടുതൽ സിസിടിവി ദൃശ്യം പുറത്തുവന്നുകഴിഞ്ഞു. പെട്ടി ഒരു ഇന്നോവയിലും രാഹുൽ മറ്റൊരു വാഹനത്തിലുമാണ്‌ പോയത്‌. കോഴിക്കോട്ടേക്ക്‌ വസ്‌ത്രം കൊണ്ടുപോയതാണ്‌ എന്ന വാദം ഇതോടെ പൊളിയുകയാണ്‌. വനിതാനേതാക്കളെ അപമാനിച്ചുവെന്നതിന്‌ ഒരു തെളിവുപോലും കാണിക്കാനില്ല. മറിച്ച്‌, പൊലീസ്‌ മര്യാദപൂർവം ഇടപെട്ടതിന്‌ ബിന്ദു കൃഷ്ണയുടെ മുറിക്കുമുന്നിലെ ദൃശ്യങ്ങളടക്കം നിരവധി ഉദാഹരണവും. തങ്ങൾ നിഷ്‌ക്കളങ്കരാണെന്ന്‌ ആവർത്തിക്കുന്ന കോൺഗ്രസ്‌ നേതാക്കൾ സംഘർഷമുണ്ടാക്കിയതും പരിശോധന തടഞ്ഞതും എന്തിനാണെന്ന്‌ പറയുന്നില്ല. പെട്ടി അവിടെനിന്ന്‌ കടത്താനുള്ള നാടകമായിരുന്നു ഇതെല്ലാമെന്ന ആക്ഷേപം തള്ളിക്കളയാനാകില്ല. ചാക്കുകെട്ടുകളിൽനിന്നും ഷാഫി പറമ്പിലിനും കൊടുത്തു നാലുകോടി രൂപയെന്ന്‌ ബിജെപി നേതാക്കൾ പരസ്യമായി പ്രസ്‌താവിച്ചിട്ടുള്ളതാണ്‌. കൊടകര കുഴൽപ്പണ കേസിന്റെ തുടർക്കഥകളാണ്‌ ബിജെപിയെ കൂടുതൽ പ്രതിരോധത്തിലാക്കിയത്‌. നിയമസഭ തെരഞ്ഞെടുപ്പിൽ ചെലവഴിക്കാൻ 41.4 കോടി കൊണ്ടുവന്നുവെന്നും അതിൽനിന്നും ഒരു കോടി സുരേന്ദ്രൻ തട്ടിയെടുത്തുവെന്നതുൾപ്പെടെ ഗുരുതര വെളിപ്പെടുത്തലാണ്‌ ബിജെപി മുൻ ഓഫീസ്‌ സെക്രട്ടറി തിരൂർ സതീശന്റേത്‌. Read on deshabhimani.com

Related News