തീപിടിച്ച്‌ വീട്‌ നശിച്ചു; ഇറങ്ങിയോടിയ വീട്ടുകാർ രക്ഷപ്പെട്ടു



കൊച്ചി എറണാകുളം പച്ചാളത്ത് വീടിനു തീപിടിച്ച്‌ മേൽക്കൂരയും വീട്ടുപകരണങ്ങളും കത്തിനശിച്ചു. വീട്ടിലുണ്ടായിരുന്ന നാലുപേർ അത്ഭുതകരമായി രക്ഷപ്പെട്ടു. പച്ചാളം ടി ഡി നാരായണമേനോൻ റോഡിന് സമീപത്തെ കല്ലുവീട്ടിൽ കെ വി സാബുവിന്റെ വീടിനാണ്‌ തീപിടിച്ചത്‌. തിങ്കളാഴ്‌ച പുലർച്ചെ മൂന്നിനാണ്‌‌ സംഭവം. എഡ്വിൻ ഡിക്കോസ്റ്റ എന്നയാൾക്ക് പണയത്തിന് നൽകിയിരിക്കുകയായിരുന്നു. പുലർച്ചെ വെള്ളം കുടിക്കാൻ എഴുന്നേറ്റപ്പോഴാണ്‌ വീട്ടുകാർ തീ പടരുന്നത്‌ കണ്ടത്‌. ഉടൻതന്നെ വീട്ടുകാർ പുറത്തേക്ക് ഇറങ്ങിയോടിയതിനാൽ ആളപായമുണ്ടായില്ല. ഓടിട്ട വീടിന്റെ മേൽക്കൂരയും  ഗൃഹോപകരണങ്ങളും വസ്ത്രങ്ങളും പൂർണമായും കത്തിനശിച്ചു. ക്ലബ്‌ റോഡ് ഫയർഫോഴ്‌സിൽനിന്ന്‌ രണ്ടു യൂണിറ്റും ഗാന്ധിനഗറിൽനിന്ന്‌ ഒരു യൂണിറ്റും എത്തി ഒരു മണിക്കൂറോളം സമയം എടുത്താണ്‌ തീയണച്ചത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഗ്യാസ് സിലിൻഡറിൽനിന്നാണ് തീപിടിച്ചതെന്ന്‌ വീട്ടുകാർ പറയുന്നുണ്ടെങ്കിലും സിലിൻഡറിൽ ചോർച്ചയൊന്നും കണ്ടെത്താനായില്ലെന്നും ഫയർഫോഴ്‌സ്‌ അധികൃതർ പറഞ്ഞു. ഏകദേശം നാലുലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നുണ്ട്‌.   Read on deshabhimani.com

Related News