നവജാതശിശുഹത്യയിൽ പ്രതികൾ കസ്‌റ്റഡിയിൽ ; കുഞ്ഞിന്റെ പിതൃത്വത്തിൽ ദുരൂഹത



ചേർത്തല പള്ളിപ്പുറത്ത് നവജാതശിശുവിനെ ശ്വാസംമുട്ടിച്ച്‌ കൊന്നകേസിൽ അമ്മയെയും കാമുകനെയും പൊലീസ്‌ കസ്‌റ്റഡിയിൽവാങ്ങി ചോദ്യംചെയ്യുന്നു. പള്ളിപ്പുറം പഞ്ചായത്ത് 17–-ാം വാർഡ് കായിപ്പുറത്ത്‌ ആശ (35), സമീപവാസി രാജേഷാലയം രതീഷ്‌ (39) എന്നിവരെയാണ് അന്വേഷകസംഘം തെളിവെടുപ്പിനും ചോദ്യംചെയ്യലിനുമായി കസ്‌റ്റഡിയിൽ വാങ്ങിയത്.ഇവരെ ഒന്നിച്ചിരുത്തിയും പ്രത്യേകമായുമാണ്‌ ചോദ്യംചെയ്‌തത്‌. കുഞ്ഞിന്റെ പിതൃത്വത്തിൽ ദുരൂഹത സൃഷ്‌ടിക്കുന്ന വിവരങ്ങൾ പൊലീസിന്‌ ലഭിച്ചു. പ്രസവത്തിന്‌ ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞപ്പോൾ ഒപ്പമുണ്ടായിരുന്നത്‌ കേസിൽപ്പെടാത്ത മറ്റൊരു യുവാവാണെന്ന്‌ പൊലീസിന്‌ സൂചന ലഭിച്ചു. ചോദ്യംചെയ്‌തതിൽ കുട്ടിയുടെ പിതൃത്വം ഇയാൾ ഏറ്റെടുത്തതായാണ്‌ വിവരം. ഇതോടെ പിതൃത്വം സംബന്ധിച്ച ഡിഎൻഎ പരിശോധന നിർണായകമാകും. കഴിഞ്ഞ 31-നാണ്‌ യുവതി കുഞ്ഞിനോടൊപ്പം ആശുപത്രിവിട്ടത്‌. ശേഷം ആശയും യുവാവും കുഞ്ഞുമായി അന്ധകാരനഴി കടപ്പുറത്ത്‌ പോയെന്ന്‌ ചോദ്യംചെയ്യലിൽ തെളിഞ്ഞു. പിന്നീട്‌ സന്ധ്യയോടെയാണ്‌ രതീഷിനെ വിളിച്ചുവരുത്തി പള്ളിപ്പുറത്തുവച്ച്‌ കുഞ്ഞിനെ കൈമാറിയത്. രാത്രിതന്നെ കുഞ്ഞിനെ കൊന്നെന്ന്‌ ഇയാൾ ആശയെ ഫോണിൽ അറിയിച്ചു. ഗർഭിണിയാണെന്ന്‌ സ്ഥിരീകരിച്ചശേഷം ഗർഭം അലസിപ്പിക്കാനും പ്രസവത്തിനുമായി രതീഷിൽനിന്ന്‌ രണ്ട്‌ ലക്ഷത്തോളം രൂപ പലപ്പോഴായി വാങ്ങിയെന്ന മൊഴി പൊലീസിന്‌ ലഭിച്ചു. തിങ്കളാഴ്‌ചവരെയാണ്‌ ഇരുവരും പൊലീസ് കസ്‌റ്റഡിയിലുണ്ടാകുക. കൊലക്കുറ്റം ഉൾപ്പെടെ ചുമത്തിയാണ് കേസ്‌. ഡിവൈഎസ്‌പി കെ വി ബെന്നിയുടെ മേൽനോട്ടത്തിൽ ഇൻസ്‌പെക്‌ടർ ജി അരുണിന്റെ നേതൃത്വത്തിലാണ് അന്വേഷണം. കുഞ്ഞിനെ കാണാതായെന്ന വിവരം ലഭിച്ച രണ്ടിന്‌ പ്രതികളെ പിടികൂടുകയും കൊലപാതകം സ്ഥിരീകരിക്കുകയും കുഞ്ഞിന്റെ മൃതദേഹം രതീഷിന്റെ വീട്ടിൽനിന്ന്‌ കണ്ടെടുക്കുകയും ചെയ്‌തിരുന്നു. Read on deshabhimani.com

Related News