ഈ ഓണത്തിന്‌ 
 ‘കൊക്കൂൺ' കൂൺപായസം

കൊക്കൂൺ എന്ന പേരിൽ വിൽപ്പനയ്ക്കെത്തിച്ച 
വിവിധയിനം കൂൺ വിഭവങ്ങൾ


കൊച്ചി ഇത്തവണ ഓണത്തിന്‌ കൂൺപായസമായാലോ? കളമശേരി കാർഷികോത്സവത്തിൽ പായസക്കിറ്റ്‌ തയ്യാറാണ്‌. വെളിയത്തുനാട്‌ സഹകരണ ബാങ്കിന്റെ നേതൃത്വത്തിലാണ്‌ "കൊക്കൂൺ' എന്ന പേരിൽ വൈവിധ്യമാർന്ന കൂൺവിഭവങ്ങൾ വിപണിയിലെത്തിക്കുന്നത്‌. ഇതിന്റെ പ്രത്യേക സ്റ്റാൾ കാർഷികോത്സവത്തിന്റെ ഭാഗമായുണ്ട്‌. കൂൺപായസക്കൂട്ട്‌ മാത്രമല്ല, മഷ്‌റൂം പാൻകേക്ക്‌ മിക്‌സ്‌, മഷ്‌റൂം ദോശ മിക്‌സ്‌, കൂൺ–-കണ്ണൻകായ പൊടി, കൂൺ–-ചക്ക പൊടി, രസം മഷ്‌റൂം സൂപ്പ്‌, കൂൺ അച്ചാർ, ഉണക്കിയ കൂൺ തുടങ്ങിയവ സ്റ്റാളിലുണ്ട്‌. വെളിയത്തുനാട്‌ സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ഇരുനൂറോളം കർഷകരിൽനിന്നാണ്‌ കൂൺ സംഭരിക്കുന്നത്‌. കൃഷിക്കൊപ്പം കളമശേരി പദ്ധതിയിൽ രൂപീകരിച്ച സംഘത്തിന്‌ കേരള ബാങ്കിന്റെയും നബാർഡിന്റെയും ധനസഹായവുമുണ്ട്‌. അഗ്രോനേച്ചർ എന്ന സ്ഥാപനത്തിനാണ്‌ പദ്ധതിനടത്തിപ്പ്‌. കൂൺ നേരിട്ട്‌ അടുത്ത പ്രദേശങ്ങളിൽ വിൽക്കുന്നുണ്ട്‌. ബാക്കിയുള്ളവ മൂല്യവർധിത ഉൽപ്പന്നങ്ങളാക്കുകയാണ്‌ ചെയ്യുന്നത്‌. തടിക്കടവിൽ പുതിയ പ്ലാന്റിന്റെ നിർമാണം പൂർത്തിയായി. ഉടൻ കൂടുതൽ ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തിക്കാനാകുമെന്നാണ്‌ പ്രതീക്ഷയെന്ന്‌ സഹകരണ ബാങ്ക്‌ അധികൃതർ പറഞ്ഞു.   Read on deshabhimani.com

Related News