വിസിയില്ല; സർവകലാശാലകളിൽ 
ഭരണപ്രതിസന്ധി



തിരുവനന്തപുരം ഡിജിറ്റൽ‌, സാങ്കേതിക സർവകലാശാലകളിൽ വൈസ് ചാൻസലർ നിയമനം നടത്താൻ താൽപര്യമില്ലെന്ന ചാൻസലറുടെ നിലപാടിൽ വലയുന്നത് വിദ്യാർഥികൾ. രണ്ട് സർവകലാശാലകളിലും വിസി ഇല്ലാതായിട്ട് രണ്ടാഴ്ച. അക്കാദമിക്‌, ഭരണപ്രവർത്തനങ്ങൾ താളംതെറ്റിയിരിക്കുകയാണ്‌. സംസ്ഥാനത്ത് ആദ്യമായാണ് ചാൻസലറുടെ പിടിപ്പുകേടിൽ ഇത്രയധികം ദിവസം സർവകലാശാലാ ഭരണനേതൃത്വത്തിൽ ആളില്ലാതെയിരിക്കുന്നത്. സാങ്കേതിക സർവകലാശാലയിൽ വിസിയുടെ ഒപ്പിനായി ആയിരത്തിലധികം സർട്ടിഫിക്കറ്റുകളും അപേക്ഷകളുമാണ് കാത്തുകിടക്കുന്നത്‌. ദിവസം അറുപതോളം ഫയലുകളാണ് വിസി ശരാശരി തീർപ്പാക്കിയിരുന്നത്‌. വിദ്യാർഥികളുടെ വിദേശപഠനം, ജോലി ആവശ്യങ്ങൾക്ക്‌ എക്സ്‌പ്രസ്‌, ഫാസ്റ്റ്ട്രാക്ക് മോഡിൽ അയച്ച അപേക്ഷകളിലും നടപടിയെടുക്കാൻ സർവകാലശാലയ്ക്ക് കഴിയുന്നില്ല. എക്സ്‌പ്രസ്‌ അപേക്ഷകൾ രണ്ട് ദിവസത്തിലും ഫാസ്റ്റ്ട്രാക്ക് അഞ്ച് ദിവസത്തിലും തീർപ്പാക്കണമെന്ന സർവകലാശാലാ ചട്ടമാണ്‌ തകിടംമറിഞ്ഞത്‌. വിസി ഇല്ലാതായതോടെ ദേശീയ സർവകലാശാലാ ​ഗെയിംസിൽ പങ്കെടുക്കേണ്ട വിദ്യാർഥികളുടെയും അനു​ഗമിക്കുന്ന ഫാക്കൽറ്റികളുടെയും യാത്ര മുടങ്ങും. സർവകലാശാലകൾ സ്കൂളുകൾ ആരംഭിച്ച സ്ഥിതിക്ക് അധ്യാപക നിയമനം നടത്തിയാലേ യുജിസി സ്ഥിരാംഗീകാരം ലഭിക്കൂ. 10 വർഷംമുമ്പ് അനുവദിച്ച അധ്യാപക തസ്തികയിലാണ് ഇപ്പോൾ വിജ്ഞാപനം വന്നത്. വിസി ഇല്ലാത്തതിനാൽ ഈ നടപടികളും വൈകും. ഒക്ടോബർ 27നാണ് ഡിജിറ്റൽ സർവകലാശാല വിസി ഡോ. സജി ​ഗോപിനാഥിന്റെ കാലാവധി പൂർത്തിയായത്. സാങ്കേതിക സർവകലാശാലയുടെ ചുമതലയുമുണ്ടായിരുന്നു. താൽക്കാലിക വിസി നിയമനത്തിന് അഞ്ച്‌ പേരുടെ പേരുകൾ സർക്കാർ രാജ്ഭവനിലേക്ക് ഒക്ടോബർ പകുതിയോടെ നൽകിയിരുന്നു. 28ന് കാലാവധി അവസാനിക്കാനിരിക്കേ 24ന് ആരോ​ഗ്യ സർവകലാശാലാ വിസി ഡോ. മോഹനൻ കുന്നുമ്മലിന് പുനർനിയമനവും കേരള സർവകലാശാലയുടെ ചുമതലയും നൽകാൻ ​ഗ​വർണർ മറന്നില്ല. ഉന്നതവിദ്യാഭ്യാസ മേഖലയിലെ മുന്നേറ്റം തടസ്സപ്പെടുത്തി, സംഘപരിവാറിന്റെ താൽപ്പര്യം സംരക്ഷിക്കലാണ് ​ഗവർണർ ഏറ്റെടുത്ത ദൗത്യം. എന്നിട്ടും, സർക്കാർ നിയമവഴി സ്വീകരിക്കുമെന്നതാണ് വിസി നിയമനത്തിൽ ഇടപ്പെടാത്തതിന്റെ കാരണമായി ​ഗവർണർ മാധ്യമങ്ങളോട്‌ പറഞ്ഞത്‌. നീതിപീഠത്തെ മറികടക്കാനില്ല: 
​ഗവര്‍ണര്‍ സാങ്കേതിക സർവകലാശാലയിലും ഡിജിറ്റൽ സർവകലാശാലയിലും വിസിമാരെ നിയമിച്ചാൽ സർക്കാർ ഹൈക്കോടതിയിൽ പോകുമെന്നതിനാലാണ് രണ്ടിടത്തും നിയമനം നടത്താത്തതെന്ന് ​​ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ. ഇക്കാര്യത്തിൽ പോംവഴി കണ്ടെത്താൻ അഭിഭാഷകരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ‘‘എല്ലാ സർവകലാശാലകളിലും വിസി നിയമനം നടത്തുന്നത് ചാൻസലറാണ്. ഞാൻ രൂപീകരിച്ച സെലക്ഷൻ കമ്മിറ്റികൾക്ക്‌ സർക്കാർ ഹർജിയിൽ ഹൈക്കോടതി സ്റ്റേ നൽകി. വിസി നിയമനം താൽക്കാലികമാണെങ്കിലും ബാഹ്യഇടപെടൽ പാടില്ലെന്ന്‌ സുപ്രീംകോടതി വിധിച്ചു. നീതിപീഠത്തെ മറികടക്കാനില്ല. സർവകലാശാലാ ബിൽ നടപ്പാകാത്തതിന്റെ ഉത്തരവാദി ഞാനല്ല. തെരഞ്ഞെടുക്കപ്പെട്ട നിയമസഭാം​ഗങ്ങളുടെയോ വ്യക്തികളുടെയോ താൽപ്പര്യമനുസരിച്ചല്ല, ഭരണഘടന അനുസരിച്ചാണ്‌ സർക്കാർ മുന്നോട്ടു പോകേണ്ടത്‌. മണി ബില്ല്‌ ഗവർണറുടെ അനുമതിയില്ലാതെ നിയമസഭയിൽ കൊണ്ടുവരാനാവില്ല’–- ​ആരിഫ്‌ മൊഹമ്മദ്‌ ഖാൻ പറഞ്ഞു.   Read on deshabhimani.com

Related News