വാർത്താസമ്മേളനത്തിലെ ആരോപണം; മാധ്യമങ്ങൾക്കെതിരെ 
അപകീർത്തിക്കേസ്‌ എടുക്കാനാകില്ല



കൊച്ചി വാർത്താസമ്മേളനത്തിൽ ഉന്നയിക്കുന്ന കാര്യങ്ങൾ പൊതുമധ്യത്തിലുള്ളതാണെന്നും അത്‌ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌താൽ അപകീർത്തി കേസെടുക്കാനാകില്ലെന്നും ഹൈക്കോടതി.  സോളാർക്കേസ് പ്രതി സരിത എസ്‌ നായർ കോൺഗ്രസ് നേതാവും എംപിയുമായ കെ സി വേണുഗോപാലിനെതിരെ ഉന്നയിച്ച ആരോപണം സംപ്രേഷണം ചെയ്തതിന്റെ പേരിൽ കൈരളി, ഏഷ്യാനെറ്റ് ന്യൂസ്‌ ചാനലുകൾക്കെതിരെ രജിസ്റ്റർചെയ്ത കേസ്‌ റദ്ദാക്കിയാണ് ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണന്റെ ഉത്തരവ്. എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട്‌ കോടതിയുടെ പരിഗണനയിലുള്ള കേസുകളിലെ തുടർനടപടികളും ഹൈക്കോടതി റദ്ദാക്കി. അതേസമയം, ആരോപണമുന്നയിച്ച സരിതയ്‌ക്കെതിരെ ഹർജിക്കാരന്‌ നിയമനടപടി സ്വീകരിക്കാൻ തടസ്സമില്ലെന്നും കോടതി വ്യക്തമാക്കി. 2016 ഏപ്രിലിലാണ് കെ സി വേണുഗോപാലിനെതിരെ സരിത എസ്‌ നായർ ആരോപണം ഉന്നയിച്ചത്. മാധ്യമപ്രവർത്തകരുമായി നടത്തിയ ഗൂഢാലോചനയുടെ തുടർച്ചയാണ്‌ ഈ ആരോപണമെന്ന പരാതിയിലായിരുന്നു കേസ്‌. സരിത പറഞ്ഞ കാര്യങ്ങൾ സംപ്രേഷണം ചെയ്യുകമാത്രമാണ് മാധ്യമങ്ങൾ ചെയ്തതെന്നും അതിനാൽ  അപകീർത്തികരമായി കണക്കാക്കാനാകില്ലെന്നുമായിരുന്നു കോടതി അഭിപ്രായപ്പെട്ടത്‌. Read on deshabhimani.com

Related News