സിനിമാതിയറ്ററിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് 4 പേര്‍ക്ക് പരിക്ക്

-- മട്ടന്നൂര്‍ സഹീന സിനിമാസിന്റെ മേല്‍ക്കൂര തകര്‍ന്ന നിലയില്‍


മട്ടന്നൂര്‍> സിനിമ കാണുന്നതിനിടെ തിയറ്ററിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് നാലുപേര്‍ക്ക് പരിക്ക്. മേല്‍ക്കൂരയ്ക്ക് മുകളില്‍ സ്ഥാപിച്ച വാട്ടര്‍ടാങ്ക് തകര്‍ന്നാണ് അപകടം.  മട്ടന്നൂര്‍ കോടതിക്ക് സമീപത്തെ സഹീനാ സിനിമാസിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നുവീണത്. ശനി വൈകിട്ട് അഞ്ചരയോടെയാണ് അപകടമുണ്ടായത്. പരിക്കേറ്റ നായാട്ടുപാറ കുന്നോത്ത് സ്വദേശികളായ കെ സി വിജിൽ (30), സുനിത്ത് നാരായണന്‍ (36), കൂത്തുപറമ്പ് സ്വദേശികളായ ശരത്ത് (29), സുബിഷ (25) എന്നിവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓഡിവണ്ണില്‍ ലക്കിഭാസ്കര്‍ സിനിമാ പ്രദര്‍ശനം നടക്കുന്നതിനിടെയാണ് സംഭവം. വാട്ടര്‍ടാങ്ക് പൊട്ടിവീണ് ഹാളിന്റെ പിന്‍ഭാഗമാണ് തകര്‍ന്നത്. ദേഹത്ത് സ്ലാബ് വീണാണ് പിന്‍ഭാഗത്തെ സീറ്റിലിരുന്ന് സിനിമ കാണുകയായിരുന്ന വിജിലിന് തലയ്ക്ക് ഉൾപ്പെടെ സാരമായി പരിക്കേറ്റത്. വലിയ സ്ലാബും  കെട്ടിടാവശിഷ്ടങ്ങളും വെള്ളവും സിനിമ കണ്ടിരിക്കുന്നവരുടെ ദേഹത്തേക്ക് വീഴുകയായിരുന്നു.  തിയേറ്ററിനുള്ളിൽ വെള്ളം തളംകെട്ടിക്കിടന്നു. തിയറ്ററിൽ ഒപ്പമുണ്ടായിരുന്നവരും നാട്ടുകാരും ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. അപകടത്തെ തുടർന്ന് മട്ടന്നൂർ പൊലീസ് സ്ഥലത്തെത്തി ആൾക്കാരെ തിയേറ്റർ പരിസരത്ത് നിന്ന് മാറ്റി. അപകടം ഒഴിവാക്കുന്നതിന് കെട്ടിടത്തിലെ വൈദ്യുതിബന്ധവും വിച്ഛേദിച്ചു. അമ്പതോളംപേർ മാത്രമാണ് സിനിമ കാണാനുണ്ടായിരുന്നത് എന്നതിനാല്‍ വലിയ അപകടമൊഴിവായി.   Read on deshabhimani.com

Related News