മേൽപ്പാലം വീപ്പകൊണ്ട് പകുത്ത് ആലുവയിൽ ഗതാഗതക്രമീകരണം
ആലുവ ദേശീയപാതയിൽ ആലുവ ബൈപ്പാസിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ ഗതാഗതവകുപ്പ് പുതിയ ക്രമീകരണമൊരുക്കി. കളമശേരി ഭാഗത്തുനിന്നുള്ള വാഹനങ്ങൾ ആലുവ പട്ടണത്തിലേക്ക് തിരിയാൻ സിഗ്നൽ കാത്ത് നിർത്തിയിടുന്നതുമൂലം അങ്കമാലിയിലേക്കുള്ള വാഹനങ്ങളുടെ യാത്ര ഈ ഭാഗത്ത് തടസ്സപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ക്രമീകരണം. പുളിഞ്ചോട് സിഗ്നൽ കഴിഞ്ഞ് മേൽപ്പാലത്തിലേക്ക് വാഹനങ്ങൾ പ്രവേശിച്ച് പകുതി പിന്നിടുമ്പോഴേക്കും പാതയുടെ മധ്യഭാഗത്ത് വീപ്പകൾ സ്ഥാപിച്ച് രണ്ടായി തിരിച്ചു. പാലത്തിന്റെ ഇടതുവശം ചേർന്ന് അങ്കമാലിയിലേക്കുള്ള വാഹനങ്ങളും വലതുവശത്തുകൂടെ ആലുവ പട്ടണത്തിൽ പ്രവേശിക്കേണ്ട വാഹനങ്ങളും പോകണം. ബൈപ്പാസിൽ അങ്കമാലിയിലേക്കുള്ള വാഹനങ്ങൾക്ക് എല്ലാ സമയവും പച്ച സിഗ്നൽ ആയിരിക്കും. നഗരത്തിലേക്ക് തിരിയേണ്ട വാഹനങ്ങൾ പച്ച സിഗ്നൽ തെളിയുന്നതുവരെ വലത്തെപാതയിൽ നിർത്തണം. ഈസമയത്തും അങ്കമാലി ഭാഗത്തേക്കുള്ള വാഹനങ്ങൾക്ക് സുഗമമായി കടന്നുപോകാം. ഇതിനായി പുളിഞ്ചോടുമുതൽ സൂചികകൾ സ്ഥാപിച്ചു. പാതകൾ വേർതിരിക്കുന്ന വീപ്പകൾ രാത്രിയിൽ തിരിച്ചറിയാൻ റിഫ്ലക്ടറും സ്ഥാപിച്ചു. പുതിയ ക്രമീകരണംവഴി ബൈപ്പാസിലെ ഗതാഗതക്കുരുക്ക് വലിയതോതിൽ കുറഞ്ഞതായി ആലുവ ജോയിന്റ് ആർടിഒ കെ എസ് ബിനേഷ് അറിയിച്ചു. Read on deshabhimani.com