ഫ്രം കൊച്ചി ടു ഷില്ലോങ്; സേവനലക്ഷ്യവുമായി 74 റിക്ഷകൾ
മട്ടാഞ്ചേരി സാഹസിക വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സേവനലക്ഷ്യത്തോടെ ഫോർട്ട് കൊച്ചിയിൽനിന്ന് ഷില്ലോങ്ങിലേക്ക് റിക്ഷാ റൺ ആരംഭിച്ചു. രാജസ്ഥാനിലെ ജയ്സാൽമേറിലെത്തി അവിടെനിന്ന് ഷില്ലോങ്ങിലേക്ക് തിരിക്കും. 15 ദിവസംകൊണ്ട് 15 സംസ്ഥാനങ്ങളിലൂടെ 3500 കിലോമീറ്ററാണ് ഓട്ടോ റൺ. 27 രാജ്യങ്ങളിലെ 174 പേർ 74 ഓട്ടോകളിലായി പങ്കെടുക്കുന്നു. ഇതിൽ 40 പേർ സ്ത്രീകളാണ്. ചെറുകിട കർഷകർ, വിദ്യാർഥികൾ, പൊതുപ്രവർത്തകർ, വ്യാപാരികൾ, കലാകാരന്മാർ, എഴുത്തുകാർ, ഐടി പ്രൊഫഷണലുകൾ എന്നിവർ യാത്രികരായുണ്ട്. യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന അഡ്വെന്റ് ടൂറിസം സംഘടിപ്പിക്കുന്ന 17–-ാമത് ഓട്ടോ റണ്ണാണിത്. യാത്രയിൽനിന്ന് ലഭിക്കുന്ന തുക ഗ്രാമവികസനങ്ങൾക്കായി വിനിയോഗിക്കും. ഓരോ യാത്രയിലും മൂന്നുമുതൽ അഞ്ചുകോടി രൂപയുടെ സേവനപ്രവർത്തനമാണ് നടത്തുക. സാഹസികയാത്രയ്‌ക്കായി സ്വന്തമായി നൂറോളം ഓട്ടോകൾ തയ്യാറാക്കിയിട്ടുണ്ട്. റോഡ് സുരക്ഷ, വിദ്യാഭ്യാസപ്രാധാന്യം, സ്ത്രീസൗഹൃദം, പരിസ്ഥിതിസംരക്ഷണം തുടങ്ങി വിവിധതരം സന്ദേശചിത്രങ്ങളും ഓട്ടോകളിൽ ഒരുക്കി. വർഷം നാല് സാഹസികയാത്രകളാണ് ഒരുക്കുന്നതെന്ന് സംഘാടകരായ സ്റ്റൈഫ്നി, പഡേർ എന്നിവർ പറഞ്ഞു. 2025 ജനുവരിയിൽ കൊച്ചി-–-കശ്മീർ (ലഡാക്ക്) യാത്രയാണ് ലക്ഷ്യമിടുന്നത്. യാത്ര ഡിവിഷൻ കൗൺസിലർ ആന്റണി കുരീത്തറ ഫ്ലാഗ് ഓഫ് ചെയ്‌തു. Read on deshabhimani.com