എറണാകുളം കെഎസ്‌ആർടിസി സ്റ്റാൻഡ്‌ ടെർമിനൽ നിർമാണം
 നവംബറിൽ

എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിനായി പുതിയ ടെർമിനൽ നിർമിക്കുന്ന കാരിക്കാമുറിയിലെ ഭൂമി


കൊച്ചി എറണാകുളം കെഎസ്‌ആർടിസി ബസ് സ്റ്റാൻഡ്‌ നവീകരിക്കുന്നതിന്റെ ഭാഗമായി പുതിയ ടെർമിനൽ നിർമാണം നവംബർ ആദ്യവാരം ആരംഭിക്കും. തിരുവനന്തപുരത്ത് ചേർന്ന മന്ത്രിതലയോഗത്തിലാണ് തീരുമാനം. കാരിക്കാമുറിയിലെ ഭൂമിയിൽ കെഎസ്‌ആർടിസി,- സ്വകാര്യ ബസുകൾക്ക്‌ കയറാൻ കഴിയുംവിധം വൈറ്റില മൊബിലിറ്റി ഹബ്ബിന്റെ മാതൃകയിൽ കെട്ടിടം നിർമിക്കാനാണ്‌ പദ്ധതി. കൺസ്ട്രക്‌ഷൻ കോർപറേഷനാണ് നിർമാണച്ചുമതല. മന്ത്രിമാരായ പി രാജീവ്, കെ ബി ഗണേഷ്‌കുമാർ, മേയർ എം അനിൽകുമാർ, ടി ജെ വിനോദ് എംഎൽഎ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡ് (സിഎസ്എംഎൽ) 12 കോടി രൂപ പദ്ധതിക്കായി വകയിരുത്തി. എറണാകുളം കെഎസ്‌ആർടിസി ബസ് സ്റ്റാൻഡിന്റെ നിർദിഷ്ട ഭൂമി വൈറ്റില മൊബിലിറ്റി ഹബ്ബ് സൊസൈറ്റിക്ക് കൈവശാവകാശത്തോടെ നൽകും. പ്രദേശത്തെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള മാർഗങ്ങളും അന്തിമമാക്കിയിട്ടുണ്ട്. വെള്ളം പമ്പുചെയ്ത് റെയിൽട്രാക്കിനടിയിലൂടെ തോട്ടിലേക്ക്‌ ഒഴുക്കും. ടെർമിനലിനകത്തേക്ക് വെള്ളം കയറാതിരിക്കാനുള്ള മതിലും നിർമിക്കും. ഇതോടൊപ്പം നാറ്റ്‌പാക്, സിഡബ്ല്യുആർഡിഎം എന്നിവ തയ്യാറാക്കുന്ന പഠനറിപ്പോർട്ടിലെ നിർദേശങ്ങളും പരിഗണിക്കും. നിലവിലെ ഷെഡ് പൊളിച്ചുമാറ്റും. റവന്യു പുറമ്പോക്ക് എൻഒസി ഉടൻ നൽകും. മണ്ണുപരിശോധന നടത്തി ഡിപിആർ തയ്യാറാക്കുന്ന നടപടികളും ഉടൻ പൂർത്തിയാകും. യാത്രക്കാർക്ക് ആവശ്യമായ സൗകര്യങ്ങൾ, കാത്തിരിപ്പുകേന്ദ്രങ്ങൾ എന്നിവ ഈ കെട്ടിടത്തിലുണ്ടാകും. കൊച്ചി നഗരത്തിൽ കെഎസ്‌ആർടിസിയുടെയും സ്വകാര്യ ബസുകളുടെയും രണ്ടു ഹബ്ബുകൾ ഇതോടെ നിലവിൽവരും. കരിക്കാമുറിയിൽ ഹബ്ബ് വരുമ്പോൾ അതിനോട്‌ ചേർന്നുതന്നെയാണ് സൗത്ത് റെയിൽവേ സ്റ്റേഷനും എറണാകുളം സൗത്ത് മെട്രോ സ്റ്റേഷനുമെന്നത് യാത്രക്കാർക്ക് ഏറെ പ്രയോജനമാകുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. കലക്ടർ എൻ എസ് കെ ഉമേഷും വിവിധ വകുപ്പ്‌ ഉദ്യോഗസ്ഥരും  യോഗത്തിൽ പങ്കെടുത്തു. Read on deshabhimani.com

Related News