ജലീലിനെ ‘ഒറ്റുകാരനാക്കി’ സഭ അലങ്കോലമാക്കാൻ ലീഗ് ശ്രമം
തിരുവനന്തപുരം കെ ടി ജലീലിനെ ഒറ്റുകാരൻ എന്നാക്ഷേപിച്ച് നിയമസഭ അലങ്കോലമാക്കാൻ മുസ്ലിംലീഗ് ശ്രമം. അടിയന്തര പ്രമേയ ചർച്ചയ്‌ക്കിടെ നജീബ് കാന്തപുരം ജലീലിനെ ഒറ്റുകാരനെന്ന് വിശേഷിപ്പിച്ചത് ഏറ്റുപിടിച്ചാണ് ലീഗ് അംഗങ്ങൾ അദ്ദേഹത്തിനെതിരെ തിരിഞ്ഞത്. തക്കമറുപടിയുമായി ജലീൽ എഴുന്നേറ്റതോടെ ലീഗുകാരുടെ വായടഞ്ഞു. സിമിയെ വഞ്ചിച്ച് യൂത്ത്‌ലീഗിലെത്തിയ ജലീൽ മുസ്ലിംലീഗിനെയും ഒറ്റുകൊടുത്തുവെന്നായിരുന്നു നജീബിന്റെ പരാമർശം. ഇതിന് പിന്തുണയുമായി ലീഗ് അംഗങ്ങൾ എഴുന്നേറ്റു. താൻ സിമി ആയ ശേഷം യൂത്ത്‌ലീഗിലേക്കാണ് വന്നതെന്ന് നജീബിന് ഓർമയില്ലേ എന്നായിരുന്നു ജലീലിന്റെ മറുചോദ്യം. പാർടിയെയും സമുദായത്തെയും വിറ്റുകാശാക്കാൻ നോക്കിയതിനെയാണ് താൻ എതിർത്തത്. അത് ഒറ്റാണെങ്കിൽ ഇനിയും ആയിരംവട്ടം ആവർത്തിക്കുമെന്ന് പറഞ്ഞ ജലീൽ അബ്ദുൽ സമദ് സമദാനി സിമിയുടെ സംസ്ഥാന നേതാവായിരുന്നില്ലേയെന്നും ചോദിച്ചു. പ്രമാദമായ മതപരിവർത്തന കേസിൽ ശ്രീധരൻപിള്ളയെ വക്കീലാക്കിയത് ആരാണെന്ന് തന്നെക്കൊണ്ട് പറയിപ്പരുതെന്നും ജലീൽ പറഞ്ഞതോടെ മിണ്ടാട്ടമില്ലാതായ ലീഗുകാർ സീറ്റിലിരുന്നു. Read on deshabhimani.com