സർക്കാർ സർവീസ‌് : ഒബിസി പ്രാതിനിധ്യക്കുറവ‌് നികത്തും



സർക്കാർ സർവീസിൽ മറ്റു പിന്നോക്ക വിഭാഗങ്ങളുടെ (ഒബിസി) ‌പ്രാതിനിധ്യക്കുറവ‌് അതിവേഗം നികത്താൻ സ‌്പെഷ്യൽ ഡ്രൈവുമായി സർക്കാർ. ഇതിനായി മുഴുവൻ സർക്കാർ, അർധസർക്കാർ, പൊതുമേഖല, സ്വയംഭരണ സ്ഥാപനങ്ങളിലെ ഒബിസിക്കാരുടെ പ്രാതിനിധ്യം സംബന്ധിച്ച‌് വിവരശേഖരണം ആരംഭിച്ചു. ഇത‌് അപ‌്‌ലോഡ‌് ചെയ്യാനായി പിന്നോക്കവിഭാഗ കമീഷൻ ആസ്ഥാനത്ത‌് പ്രത്യേക വെബ‌്പോർട്ടൽ ആരംഭിച്ചു. വിവരശേഖരണം ഏകോപിപ്പിക്കാൻ  മുഴുവൻ സ്ഥാപനങ്ങളിലും നോഡൽ, സബ‌് നോഡൽ ഓഫീസർമാരെ നിയോഗിച്ചു. കഴിഞ്ഞയാഴ്‌ച മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതാധികാരസമിതി യോഗമായിരുന്നു തീരുമാനമെടുത്തത‌്. രണ്ട‌ുതവണ വിജ്ഞാപനം ചെയ‌്തശേഷവും ചില തസ‌്തികയിലേക്ക‌് പിന്നോക്ക വിഭാഗങ്ങളിലെ ഏതെങ്കിലും സമുദായങ്ങളിൽനിന്ന‌് ഉദ്യോഗാർഥികളെ കിട്ടുന്നില്ലെങ്കിൽ അടുത്ത സമുദായത്തിന‌് നിയമനം നൽകുന്നതിനുപകരം നേരിട്ടുള്ള നിയമനം പരിശോധിക്കാൻ യോഗം പിഎസ‌്സിക്ക‌് നിർദേശവും നൽകി.  പട്ടികവർഗ വിഭാഗങ്ങളുടെ പ്രാതിനിധ്യക്കുറവ‌്  നികത്താൻ പ്രത്യേക നിയമനം നടത്താൻ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന്റെ കണക്കെടുപ്പ‌് വിവിധ വകുപ്പുകളിൽ നടക്കുകയാണ‌്. ഒബിസി പ്രാതിനിധ്യത്തിന്റെ വ്യക്തമായ കണക്ക‌് സർക്കാരിന്റെ പക്കൽ ഇല്ലാത്തതിനാലാണ‌് വിവരശേഖരണത്തിന‌് തീരുമാനിച്ചത‌്. ഇത‌് പൂർത്തിയായാൽ സ‌്പെഷ്യൽ റിക്രൂട്ട‌്മെന്റ‌് അടക്കമുള്ളവയിലേക്ക‌് കടക്കും. അടുത്ത ആഴ‌്ചയോടെ എല്ലാ വകുപ്പിലും നോഡൽ ഓഫീസർമാരെ നിയോഗിക്കും. പരീശിലനം നൽകിയശേഷം യൂസർ ഐഡിയും പാസ‌്‌വേഡും നൽകും. ഇവരുടെ ചുമതലയിലാകും വെബ‌് പോർട്ടലിൽ വിവരം അപ‌്‌ലോഡ‌് ചെയ്യുക. ചില വകുപ്പിൽ പ്രധാന തസ‌്തികയിൽ  നിയമനത്തിനായി ഒബിസിയിൽപ്പെട്ട നിശ‌്ചിത സമുദായക്കാരെ കിട്ടുന്നില്ലെന്ന‌് പിഎസ‌്സി അറിയിച്ചിരുന്നു. അതിനാൽ വർഷത്തിൽ രണ്ടു തവണ വിജ്ഞാപനം ഇറക്കി നിയമനം നടത്തും. എന്നിട്ടും ആളെ കിട്ടിയില്ലെങ്കിൽ നേരിട്ടുള്ള നിയമനത്തിന‌് നടപടി സ്വീകരിക്കും. നിലവിൽ 74 വകുപ്പാണ‌് സർക്കാരിനു കീഴിലുള്ളത‌്. ഇവയുടെ മേധാവികളും യോഗത്തിൽ പങ്കെടുത്തു. വിവരശേഖരണം സമയബന്ധിതമായി തീർക്കണമെന്ന‌് മുഖ്യമന്ത്രി വകുപ്പു മേധാവികൾക്ക‌് നിർദേശം നൽകിയിരുന്നു. Read on deshabhimani.com

Related News