തലച്ചോർ തിന്നുന്ന 
അമീബയെയും തോൽപ്പിച്ചു ; ലോകത്തിന് മാതൃകയായി ആരോഗ്യകേരളം



  തിരുവനന്തപുരം "വന്നാൽ മരണമുറപ്പ്‌, രക്ഷപ്പെടുക അസാധ്യം'–-തലച്ചോർ തിന്നുന്ന അമീബ രോഗം ഇങ്ങനെയെന്ന്‌ ആരോഗ്യലോകം പറയുമ്പോൾ, കേരളം രക്ഷപ്പെടുത്തിയത്‌ രണ്ടുപേരെ. അമീബിക്‌ മസ്‌തിഷ്ക ജ്വരത്തെ തോൽപ്പിച്ച്‌ സംസ്ഥാനത്തിന്റെ പൊതുജനാരോഗ്യമേഖല ലോകത്തിന് മാതൃകയാകുന്നു. കോഴിക്കോട്‌ ചികിത്സയിലായിരുന്ന തിക്കോടി സ്വദേശി അഫ്‌നാൻ ജാസിമെന്ന പതിനാലുകാരനാണ്‌ ആദ്യം രോഗമുക്തനായത്‌. രാജ്യത്ത് അപൂർവമായാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച ഒരാൾ രോഗമുക്തി നേടിയത്. ലോകത്താകെ ഈ അസുഖത്തിൽനിന്ന്‌ രോഗമുക്തി കൈവരിച്ചത് 11പേർ മാത്രമാണ്‌. 97 ശതമാനം മരണ നിരക്കുള്ള രോഗത്തിൽനിന്നാണ് കുട്ടിയെ കേരളത്തിന്റെ പൊതുജനാരോഗ്യ സംവിധാനം ജീവിതത്തിലേക്ക് തിരികെയെത്തിച്ചത്‌.   രോഗം ബാധിച്ച നാലുവയസുകാരൻ കോഴിക്കോട്‌ കാരപ്പറമ്പ്‌ സ്വദേശി നിഷിൽ അസുഖം ഭേദമായി ആശുപത്രി വിട്ടത് കഴിഞ്ഞയാഴ്ചയാണ്‌. ഇരുവരും ഒരുമാസംനീണ്ട ചികിത്സയ്ക്കുശേഷമാണ്‌ വീട്ടിലേക്ക് മടങ്ങിയത്. ഇവർക്കും നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലുള്ളവർക്കും ജർമനിയിൽനിന്നടക്കമാണ്‌ മരുന്ന്‌ എത്തിച്ചത്‌. തിരുവനന്തപുരത്ത്‌ ചികിത്സയിലുള്ള ആറുപേരും പ്രത്യേക വാർഡിൽ ചികിത്സയിലാണ്‌. ആരോഗ്യസുരക്ഷാ പദ്ധതിയിൽ ഉൾപ്പെടുത്തി സൗജന്യചികിത്സയാണ് നൽകുന്നത്‌. വടക്കൻ കേരളത്തിൽ അമീബിക് മസ്തിഷ്‌ക ജ്വരം ഉണ്ടായപ്പോൾത്തന്നെ പ്രതിരോധ പ്രവർത്തനങ്ങൾ സംസ്ഥാനം ശക്തമാക്കിയിരുന്നു. ജൂലൈ അഞ്ചിന്‌ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ പ്രത്യേക യോഗംചേർന്നു. ആരോഗ്യമന്ത്രി വീണാ ജോർജ്‌ വിളിച്ചുചേർത്ത പ്രത്യേക യോഗത്തിൽ ചികിത്സാ മാർഗനിർദേശങ്ങൾ തയാറാക്കാൻ തീരുമാനിക്കുകയും അതുപ്രകാരം മാർഗരേഖ പുറത്തിറക്കുകയും ചെയ്തു. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം അമീബിക് മസ്തിഷ്ക ജ്വരത്തിന് സമഗ്ര മാർഗരേഖ പുറത്തിറക്കുന്നത്‌.   Read on deshabhimani.com

Related News