വഖഫ്‌ ഭേദഗതി ബിൽ പിൻവലിക്കണമെന്ന്‌ 
ജെപിസിയോട്‌ ആവശ്യപ്പെടും: മന്ത്രി വി അബ്ദുറഹിമാൻ



കൊച്ചി വഖഫ് ഭേദഗതി ബിൽ പിൻവലിക്കണമെന്ന്‌ സംയുക്ത പാർലമെന്ററി സമിതി(ജെപിസി)യോട്‌ ആവശ്യപ്പെടുമെന്ന്‌ ന്യൂനപക്ഷ ക്ഷേമ മന്ത്രി വി അബ്ദുറഹിമാൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അടുത്തദിവസംതന്നെ മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം സമിതിയെക്കണ്ട്‌ ആവശ്യമുന്നയിക്കും. സർക്കാർ പ്രതിനിധികൾ, സംസ്ഥാന വഖഫ്‌ ബോർഡ്‌ ചെയർമാൻ, മതസംഘടനാ പ്രതിനിധികൾ എന്നിവർ സംഘത്തിലുണ്ടാകും. ഈ മാസം 14നുമുമ്പ്‌ നിർദേശങ്ങളും അഭിപ്രായങ്ങളും നൽകാനാണ്‌ ജെപിസി അറിയിച്ചിരിക്കുന്നത്‌. ഭേദഗതി ബിൽ അടിസ്ഥാനമാക്കി വഖഫ്‌ ബോർഡ്‌ സംഘടിപ്പിച്ച ശിൽപ്പശാലയിൽ ഉയർന്ന അഭിപ്രായങ്ങൾ ക്രോഡീകരിച്ച്‌ സമിതിക്ക്‌ സമർപ്പിക്കും. ആശങ്ക സൃഷ്ടിക്കുന്നതാണ്‌ ബിൽ. ഭേദഗതി രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളെ ബാധിക്കും. ഭിന്നതയുണ്ടാക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. ഭേദഗതി ഭരണഘടനാ ലംഘനമാണെന്ന സർക്കാർനിലപാട് കേന്ദ്രസർക്കാരിനെയും ജെപിസിയെയും അറിയിച്ചിട്ടുണ്ട്. ഭരണഘടനയ്ക്കുള്ളിൽനിന്ന് വഖഫ് ബോർഡിന്റെ പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകാനാണ് സർക്കാർ ആഗ്രഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു. Read on deshabhimani.com

Related News