പട്ടണം കവലയിലെ അടിപ്പാത ; ദേശീയപാത അതോറിറ്റിക്കുമുന്നിൽ എൽഡിഎഫ് പ്രതിഷേധം
പറവൂർ ദേശീയപാത 66 നിർമാണത്തിൽ ചിറ്റാറ്റുകര പഞ്ചായത്തിന്റെ ആവശ്യങ്ങൾ അവഗണിച്ച ദേശീയപാത അധികൃതരുടെ നിലപാടിനെതിരെ എൽഡിഎഫ് പ്രതിഷേധിച്ചു. ജനപ്രതിനിധികൾ ഇടപ്പള്ളിയിലെ ദേശീയപാത അതോറിറ്റി ആസ്ഥാനത്ത് ധർണ നടത്തി. പട്ടണം കവലയിൽ അടിപ്പാത നിർമിക്കുക, അശാസ്ത്രീയമായി നിർമിച്ച പറവൂർ പാലം ഉയരംകൂട്ടി പുനർനിർമിക്കുക, സർവീസ് റോഡുകളിൽനിന്ന് ഇടറോഡുകളിലേക്ക് പ്രവേശനം അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തിയത്. ജില്ലാപഞ്ചായത്ത് അംഗം എ എസ് അനിൽകുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി ഗോപകുമാർ അധ്യക്ഷയായി. ചിറ്റാറ്റുകര പഞ്ചായത്ത് പരിധിയിൽ മുനമ്പം കവലയിൽമാത്രമാണ് അടിപ്പാതയുള്ളത്. മുനമ്പം കവലമുതൽ പട്ടണം, ചിറ്റാറ്റുകര പ്രദേശങ്ങളുടെ പടിഞ്ഞാറ് ഭാഗത്തായി പതിനഞ്ചോളം വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്. 40 സ്കൂൾ ബസുകളും നിരവധി സ്വകാര്യ വാഹനങ്ങളും മുനമ്പം കവലയിലെ അടിപ്പാതയെമാത്രം ആശ്രയിക്കുന്നത് വലിയ ഗതാഗതക്കുരുക്കിന് ഇടയാക്കും. പ്രളയസമാന സാഹചര്യമുണ്ടായാൽ ഗുരുതരപ്രശ്നങ്ങൾ നേരിടേണ്ടിവരും. കേരള ചരിത്ര ഗവേഷണ കേന്ദ്രത്തിന്റെ കീഴിലുള്ള പട്ടണം മുസിരിസ് സൈറ്റ് മ്യൂസിയം ഉൾപ്പെടെ ചരിത്രപ്രാധാന്യമുള്ള സ്ഥലത്തേക്കുള്ള പ്രവേശനകവാടവും പട്ടണം കവലയാണ്. അടിപ്പാതയുടെ പ്രാധാന്യം അധികൃതരെ ബോധ്യപ്പെടുത്തിയിട്ടും അവഗണിക്കുന്നതായി സമരക്കാർ പറഞ്ഞു. പറവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എസ് സനീഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി അരൂഷ്, സിംന സന്തോഷ്, എം എ സുധീഷ്, ലൈബി സാജു, വാസന്തി പുഷ്പൻ എന്നിവർ സംസാരിച്ചു. സമരത്തിൽനിന്ന് കോൺഗ്രസ് അംഗങ്ങൾ വിട്ടുനിന്നത് അടിപ്പാതയെന്ന ആവശ്യത്തെ തള്ളിക്കളയുന്നതിനുതുല്യമാണെന്ന് സമരക്കാർ പറഞ്ഞു. Read on deshabhimani.com