തുടക്കം ജനുവരിയിൽ, വാക്കുപാലിച്ച്‌ സർക്കാർ; വെള്ളൂരിൽ കടലാസ്‌ ഫാക്‌ടറി വീണ്ടും ചലിക്കും



കോട്ടയം > കേന്ദ്ര സർക്കാരിന്റെ സ്വകാര്യവൽക്കരണ നീക്കത്തെത്തുടർന്ന് സംസ്ഥാന സർക്കാർ ഏറ്റെടുത്ത്‌ പുനഃസംഘടിപ്പിച്ച കോട്ടയം വെള്ളൂരിലെ കേരള പേപ്പർ പ്രോഡക്‌റ്റ്സ് ജനുവരിയിൽ തുറന്നു പ്രവർത്തനം ആരംഭിക്കും. പൊതുമേഖല വിറ്റുതുലയ്‌ക്കാനുള്ള കേന്ദ്ര സർക്കാർ നടപടികൾക്കെതിരെ  ബദൽ സാധ്യമാണെന്ന്‌ തെളിയിച്ചാണ്‌ വെള്ളൂരിൽ വീണ്ടും വ്യവസായ സൈറൺ മുഴങ്ങുക. ട്രേഡ് യൂണിയൻ നേതാക്കളുമായി വ്യവസായ മന്ത്രി പി രാജീവ് നടത്തിയ ചർച്ചയിൽ തീരുമാനം അറിയിച്ചു. കേന്ദ്രസർക്കാരിൽ നിന്ന് സംസ്ഥാനം സ്ഥാപനം ഏറ്റെടുക്കുമ്പോൾ മുഴുവൻ ബാധ്യതകളും തീർത്തിരുന്നു. നാഷണൽ കമ്പനി ലോ ട്രിബ്യൂണലിൽ സമർപ്പിച്ച റസല്യൂഷൻ പ്ളാൻ പ്രകാരം തൊഴിലാളികളുടെ ആനുകൂല്യങ്ങൾ നൽകുന്നതിനുൾപ്പെടെ  145.60 കോടി രൂപയുടെ ബാധ്യത തീർത്താണ് കേരളം എച്ച്എൻഎൽ ഏറ്റെടുത്തത്. ഘട്ടം ഘട്ടമായി സ്ഥാപനത്തിന്റെ ആവശ്യങ്ങൾ കൂടി പരിഗണിച്ചായിരിക്കും തൊഴിലാളികളെ നിയമിക്കുക. തൊഴിലാളികളുടെ നൈപുണി കൂടി കണക്കിലെടുത്ത് ആവശ്യമായ മേഖലകളിൽ എച്ച്എൻഎല്ലിലെ തൊഴിലാളികൾക്ക് മുൻഗണന നൽകും. എച്ച് എൻഎൽ തൊഴിലാളികൾക്ക് നൽകേണ്ട ആനുകൂല്യങ്ങൾ നൽകണമെന്ന് തൊഴിലാളി സംഘടനകൾ ആവശ്യപ്പെട്ടു. ഇക്കാര്യം പരിശോധിക്കാമെന്ന് മന്ത്രി അറിയിച്ചു. ഉൽപാദനച്ചെലവ് കുറച്ച് ലാഭകരമായി പ്രവർത്തിപ്പിക്കാനാവശ്യമായ രീതിയിലാണ് പുതിയ കമ്പനിയെ മുന്നോട്ട് കൊണ്ടുപോവുക. പുനരുദ്ധാരണം 4 ഘട്ടങ്ങളിൽ നാല് ഘട്ടങ്ങളിലായി 46 മാസങ്ങൾ എടുത്ത് പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കും. ആദ്യ രണ്ട് ഘട്ടങ്ങളിൽ ന്യൂസ് പ്രിന്റ്, റൈറ്റ് ആൻഡ്‌ പ്രിന്റ് പേപ്പർ ഉൽപാദനവും മൂന്നാം ഘട്ടത്തിൽ പേപ്പർ ബോർഡ് നിർമാണവും നാലാം ഘട്ടത്തിൽ ക്രാഫ്‌റ്റ് ഗ്രേഡ് പേപ്പർ നിർമാണവും ലക്ഷ്യമിടുന്നു. കമ്പനിയുടെ ഡയറക്‌ട‌ർ ബോർഡ് രൂപീകരിക്കുകയും സ്പെഷ്യൽ ഓഫീസറെ നിയമിക്കുകയും ചെയ്‌തിരുന്നു. സ്ഥാപനത്തിന്റെ അധിക ഭൂമി ഉപയോഗിച്ച് പ്രവർത്തനം നടത്തുന്നതിനായി കേരളാ റബ്ബർ ലിമിറ്റഡിനും സർക്കാർ രൂപം നൽകിയിട്ടുണ്ട്. നിയമസഭ മന്ദിരത്തിലെ കോൺഫറൻസ് ഹാളിൽ ചേർന്ന തൊഴിലാളി സംഘടനാ യോഗത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, സിഐടിയു അഖിലേന്ത്യാ സെക്രട്ടറി കെ ചന്ദ്രൻപിള്ള, ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ്‌ കെ ചന്ദ്രശേഖരൻ, മുൻ കേന്ദ്ര മന്ത്രി പി സി തോമസ് എന്നിവർ പങ്കെടുത്തു. വ്യവസായത്തിന്‌ ഭൂമി നൽകി; കേന്ദ്രം പൂട്ടിച്ചു എച്ച്എൻഎൽ സ്ഥാപിക്കാൻ 700 ഏക്കർ ഭൂമിയും അസംസ്‌കൃതവസ്തുക്കളുടെ പരിപാലനത്തിന് 5000 ഏക്കർ പാട്ടഭൂമിയും സംസ്ഥാന സർക്കാരാണ്‌ നൽകിയത്. സംസ്ഥാനത്തെ വ്യവസായ വികസനത്തിന്റെ  ഭാഗമായി 1974ൽ  കേന്ദ്ര ഉടമസ്ഥതയിലുള്ള ഹിന്ദുസ്ഥാൻ പേപ്പർ കോർപറേഷന്‌ സംസ്ഥാന സർക്കാരാണ്‌ ഭൂമി കൈമാറിയത്‌. എന്നാൽ സ്ഥാപനം തകർച്ചയിലേക്ക്‌ കൂപ്പുത്തുന്ന നയങ്ങൾ നടപ്പാക്കി കേന്ദ്രസർക്കാർ തന്നെ സ്ഥാപനം തകർക്കുകയായിരുന്നു. പിന്നീട്‌ സ്വകാര്യമേഖലയ്‌ക്ക്‌ വിറ്റുതുലയ്‌ക്കാനിരുന്ന എച്ച്‌എൻഎൽ ഭൂമി ഇടതുപക്ഷ സർക്കാരിന്റെ ഇച്ഛാശക്തിയിലാണ്‌ കേരളത്തിന്‌ സ്വന്തമായത്‌.                              Read on deshabhimani.com

Related News