സിപിഐ എം പത്തനംതിട്ട എഫ്ബി പേജ് ഹാക്ക് ചെയ്തു



പത്തനംതിട്ട സിപിഐ എം പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ഫെയ്സ് ബുക്‌ പേജില്‍ പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പ്രചാരണ വീഡിയോ ഇട്ടത് ഹാക്ക് ചെയ്താണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു പറഞ്ഞു. വീഡിയോ പോസ്റ്റ്‌ ചെയ്തശേഷം സ്ക്രീൻ റെക്കോഡിങ് മാധ്യമങ്ങൾക്ക്‌ കൈമാറുകയായിരുന്നു. ഇതിനെതിരെ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി. തെരഞ്ഞെടുപ്പ്‌ കമീഷന്റെ വ്യാജ ഐഡി കാര്‍ഡ് നിര്‍മിച്ച കേസില്‍ അന്വേഷണം നേരിടുന്ന പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥിയാണ്‌ ഇതിന്‌ പിന്നിലെന്നും പരാതിയില്‍ പറയുന്നു. വിഷയം ശ്രദ്ധയിൽപെട്ട  ഉടന്‍ പാര്‍ടിയുടെ സമൂഹമാധ്യമ  ടീം വീഡിയോ നീക്കി. സൈബർ  പൊലീസിനും ഫെയ്സ് ബുക്കിനും പരാതി  നൽകിയിട്ടുണ്ട്‌. പേജിന്റെ നിയന്ത്രണം തിരിച്ചെടുത്തു. പാലക്കാട്ടെ യുഡിഎഫ്‌ സ്ഥാനാർഥിയെ നന്നായി അറിയാവുന്നവരാണ് പത്തനംതിട്ടക്കാർ. അടൂർ അസംബ്ലി മണ്ഡലത്തിലെ 119–--ാം നമ്പർ ബൂത്തിലെ താമസക്കാരനാണ് ഇയാള്‍. കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പിൽ എല്‍ഡിഎഫിന്  111 വോട്ടിന്റെയും പാർലമെന്റ്‌ തെരഞ്ഞെടുപ്പിൽ 70 വോട്ടിന്റെയും ലീഡ് ഈ ബൂത്തിൽ ഉണ്ടായി. നാട്ടിൽ സ്വാധീനമൊന്നും ഇല്ലാത്ത ഇയാൾ നാട്ടുകാരുടെ പേരിൽ വ്യാജ തിരിച്ചറിയൽകാർഡ്‌ നിർമിച്ച്‌ നേതാവായ ആളാണ്. സ്വന്തം വാര്‍ഡില്‍പോലും ജയിക്കില്ല. ഉപതെരഞ്ഞെടുപ്പിനുമുമ്പ്  ഇനിയും പല തട്ടിപ്പും നടത്തുമെന്നും അദ്ദേഹം പറഞ്ഞു. Read on deshabhimani.com

Related News