കണ്ണൂർ രൂപതയ്ക്ക് പ്രഥമ സഹായ മെത്രാൻ ; ഡോ. ഡെന്നിസ് കുറുപ്പശേരി സ്ഥാനമേറ്റു
കണ്ണൂർ കണ്ണൂർ രൂപതയുടെ പ്രഥമ സഹായ മെത്രാനായി ഡോ. ഡെന്നിസ് കുറുപ്പശേരി സ്ഥാനമേറ്റു. ബർണശേരി ഹോളിട്രിനിറ്റി കത്തീഡ്രൽ അങ്കണത്തിൽ സജ്ജമാക്കിയ വേദിയിലായിരുന്നു മെത്രാഭിഷേകച്ചടങ്ങ്. റോമിലെ പൊന്തിഫിക്കൽ വിദ്യാപീഠം പ്രസിഡന്റ് ആർച്ച് ബിഷപ് സാൽവത്തോരോ പെനാകിയോയുടെ മുഖ്യ കാർമികത്വത്തിലായിരുന്നു മെത്രാഭിഷേകം. മുംബൈ ആർച്ച് ബിഷപ് ഓസ്വാൾഡ് ഗ്രേഷ്യസ്, വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിൽ എന്നിവർ സഹകാർമികരായി. കോഴിക്കോട് ബിഷപ് ഡോ.വർഗീസ് ചക്കാലക്കൽ വചനസന്ദേശം നൽകി. സഹായമെത്രാനായി നിയമിച്ചുള്ള ഫ്രാൻസീസ് മാർപാപ്പയുടെ സന്ദേശം വായിച്ചു. തുടർന്ന്, ഡെന്നിസ് കുറുപ്പശേരി വിശ്വാസപ്രഖ്യാപനം നടത്തി. അധികാരച്ചിഹ്നമായി മോതിരം അണിയിച്ച് തൊപ്പിയും അധികാരദണ്ഡും നൽകി. തുടർന്നുള്ള കർമങ്ങൾക്ക് ഡോ. ഡെന്നിസ് കുറുപ്പശേരി നേതൃത്വം നൽകി. കണ്ണൂർ ബിഷപ് ഡോ. അലക്സ് വടക്കുംതല സ്വാഗതം പറഞ്ഞു. വിവിധ രൂപതകളിലെ വികാരി ജനറൽമാർ, സന്യാസിസഭകളുടെ മേജർ സുപ്പീരിയർമാർ, സെമിനാരി പ്രൊഫസർമാർ, റെക്ടർമാർ, വൈദികർ, കന്യാസ്ത്രീകൾ, അൽമായ നേതാക്കൾ, സംഘടനാ ഭാരവാഹികൾ, ജനപ്രതിനിധികൾ, രാഷ്ട്രീയനേതാക്കൾ എന്നിവരും സന്നിഹിതരായി. കൊടുങ്ങല്ലൂർ സ്വദേശിയായ ഡോ. ഡെന്നിസ് കുറുപ്പശേരി 1991 ഡിസംബർ 23നാണ് കോട്ടപ്പുറം രൂപതയിൽ പുരോഹിതനായത്. 2001 മുതൽ വത്തിക്കാൻ നയതന്ത്രവിഭാഗത്തിന്റെ ഭാഗമായി. ഇറ്റലിയിലെ മാൾട്ടയിൽ നയതന്ത്ര കാര്യാലയത്തിൽ പ്രവർത്തിക്കുമ്പോഴാണ് സഹായ മെത്രാൻ നിയമനം. Read on deshabhimani.com