58 കായികതാരങ്ങൾക്ക്‌ പൊലീസിൽ നിയമനം ; ഉത്തരവ്‌ മുഖ്യമന്ത്രി കൈമാറി



തിരുവനന്തപുരം കേരള പൊലീസിൽ 58 കായികതാരങ്ങൾക്ക് നിയമനം നൽകി. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിയമന ഉത്തരവ് കൈമാറി. കായികതാരങ്ങൾക്ക് സ്പോർട്സ് കിറ്റ് വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു. ഇന്ത്യൻ ഓയിൽ കോർപറേഷനാണ്‌ സ്പോർട്സ് കിറ്റ് സ്പോൺസർ ചെയ്തത്. കഴിഞ്ഞ വർഷം നടന്ന ബിഎൻ മല്ലിക് സ്മാരക ദേശീയ ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ വിജയികളായ കേരള പൊലീസ് ടീമിന് 50,000 രൂപ ക്യാഷ് അവാർഡും ട്രോഫിയും മെഡലുകളും മുഖ്യമന്ത്രി സമ്മാനിച്ചു. മുൻ ഫുട്ബാൾ താരങ്ങളും പൊലീസ് ഉദ്യോഗസ്ഥരുമായ യു ഷറഫലി, ഐ എം വിജയൻ, സ്പോർട്സ് ടീം കോച്ച് സുനിൽ എന്നിവർ ചേർന്ന് ട്രോഫി ഏറ്റുവാങ്ങി. സ്പോർട്സ് ടീമിന്റെ ജേഴ്സിയുടെ പ്രകാശനവും മുഖ്യമന്ത്രി നിർവഹിച്ചു. ഓൾ ഇന്ത്യാ പൊലീസ് (സ്പോർട്സ്) ഷൂട്ടിങ്‌ മത്സരത്തിൽ 10 മീറ്റർ എയർ റൈഫിൾസിൽ ഒന്നാം സ്ഥാനം നേടിയ കീർത്തി കെ സുശീലന്  ഉപഹാരവും ക്യാഷ് അവാർഡും സമ്മാനിച്ചു. കേരള പൊലീസിന്റെ ഉപഹാരം പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ മുഖ്യമന്ത്രിക്ക്‌ നൽകി. മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവ് രമൺ ശ്രീവാസ്തവയും പങ്കെടുത്തു. Read on deshabhimani.com

Related News