പൊതുസ്ഥലത്തെ മാലിന്യം തള്ളൽ ; വാഹനം വിട്ടുകിട്ടാൻ 
ഇനി ബാങ്ക് ഗ്യാരന്റിയും



കൊച്ചി പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളിയതിന് പിടിച്ചെടുത്ത വാഹനങ്ങൾ വിട്ടുനൽകണമെങ്കിൽ ബാങ്ക് ഗ്യാരന്റി ചുമത്തണമെന്ന്‌ നിർദേശിച്ച്‌ ഹൈക്കോടതി. കുന്നംകുളം പൊലീസ് പിടിച്ചെടുത്ത വാഹനം താൽക്കാലികമായി വിട്ടുകിട്ടണമെന്ന ആവശ്യവുമായി എത്തിയ ഉടമയുടെ ഹർജി പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ നിർദേശം. ഹർജിക്കാരനായ എം എ സുഹൈലിനോട്‌ ഒരു ലക്ഷത്തിന്റെ സ്വന്തം ബോണ്ടും തുല്യതുകയുടെ രണ്ട് ആൾജാമ്യവും രണ്ടു ലക്ഷത്തിന്റെ ബാങ്ക് ഗ്യാരന്റിയും മജിസ്ട്രേട്ട്‌ കോടതിയിൽ സമർപ്പിക്കാൻ നിർദേശിച്ചു. തെറ്റ് ആവർത്തിക്കാതിരിക്കാൻ വ്യവസ്ഥകൾ കൂടുതൽ കർശനമാക്കണമെന്ന്‌ വിലയിരുത്തിയാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ഉത്തരവ്. ഇപ്രകാരം പിടിച്ചെടുത്ത വാഹനങ്ങൾ ഇടക്കാലത്തേക്ക്‌ വിട്ടുനൽകുമ്പോൾ ഹൈക്കോടതിയുടെ അനുമതി നേടണമെന്ന് ഡിവിഷൻ ബെഞ്ച് നേരത്തേ ഉത്തരവിട്ടിരുന്നു.  വിചാരണ ബാക്കിനിൽക്കെ വാഹനങ്ങൾ ദീർഘനാൾ പിടിച്ചുവയ്ക്കുന്നതിലൂടെ അവ ഉപയോഗശൂന്യമാകുമെന്നും വ്യവസ്ഥകളോടെ വിട്ടുകൊടുക്കാവുന്നതാണെന്നും ഹൈക്കോടതി വിലയിരുത്തി.വിട്ടുനൽകുമ്പോൾ തെറ്റുകൾ ആവർത്തിക്കില്ലെന്ന്‌ ഹർജിക്കാരൻ ഉറപ്പുനൽകണം. ആവശ്യമെങ്കിൽ വാഹനം ഹാജരാക്കണം. വിചാരണ തീരുംവരെ മറ്റാർക്കും കൈമാറാൻ പാടില്ലെന്നും ഉത്തരവിൽ പറഞ്ഞു. Read on deshabhimani.com

Related News