ഡിസിസി പുനഃസംഘടന ; കളംപിടിക്കാൻ നേതാക്കൾ
തിരുവനന്തപുരം ഡിസിസികൾ ഉടൻ പുനഃസംഘടിപ്പിക്കുമെന്ന പ്രഖ്യാപനം വന്നതോടെ കളം പിടിക്കാനുള്ള നെട്ടോട്ടത്തിൽ നേതാക്കളും ഗ്രൂപ്പുകളും. ചില ഡിസിസി അധ്യക്ഷരെയും കെപിസിസി ഭാരവാഹികളെയും സംരക്ഷിച്ചും മറ്റുചിലരെ നീക്കാനുമാണ് നിലവിൽ നേതൃത്വം ധാരണയായിട്ടുള്ളത്. ഇത് ജനാധിപത്യപരമല്ലെന്നും സമ്പൂർണ അഴിച്ചുപണിയാണ് ആവശ്യമെന്നും വിവിധ ഗ്രൂപ്പ് നേതാക്കൾ ആവശ്യപ്പട്ടുകഴിഞ്ഞു. തിരുവനന്തപുരം ഡിസിസി അധ്യക്ഷൻ പാലോട് രവിക്കെതിരെ പരാതിക്കെട്ടുകളാണുള്ളതെന്നും അടിയന്തരമായി മാറ്റണമെന്നും കെ സുധാകരനൊപ്പമുള്ള നേതാക്കൾ ചൂണ്ടിക്കാണിക്കുന്നു. പകരമായി വി എസ് ശിവകുമാർ, ആർ വി രാജേഷ്, കെ എസ് ശബരീനാഥൻ തുടങ്ങിയവരുടെ പേരുകൾ ചർച്ചയിലുണ്ടെങ്കിലും ചെമ്പഴന്തി അനിലിനാണ് കൂടുതൽ സാധ്യതയെന്നും നേതാക്കൾ സൂചിപ്പിക്കുന്നു. പ്രവർത്തനം മോശമാണെന്ന പേരിൽ ഏതാനും ഡിസിസി പ്രസിഡന്റുമാരെ മാറ്റാനാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരനും കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷിയും സംസാരിച്ച് ധാരണയായിട്ടുള്ളത്. കെ മുരളീധരന്റെ തോൽവിയെ തുടർന്നുണ്ടായ ഏറ്റുമുട്ടലിനൊടുവിൽ രാജിവച്ച ജോസ് വള്ളൂരിനുപകരം തൃശൂരിൽ ഒരു ഡസനോളം പേരുകൾ ഉയർന്നിട്ടുണ്ട്. പഴയ എ ഗ്രൂപ്പുകാരനായ അനിൽ അക്കര വാർത്തയിൽ ഇടംപിടിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും നേതാക്കൾക്കിടയിൽ അംഗീകൃതനല്ല. ജോസഫ് ടാജറ്റിനു വേണ്ടിയും ടി വി ചന്ദ്രമോഹനുവേണ്ടിയും വടംവലിയുണ്ട്. എം പി ജാക്സനടക്കം മറ്റുചിലരും ശക്തമായി രംഗത്തുണ്ട്. ആലപ്പുഴയിൽ വനിതയെ പരിഗണിക്കണമെന്ന വാദം ഷാനിമോൾ ഉസ്മാനെ മുൻനിർത്തി കൂടുതൽ ശക്തമാക്കുന്നുണ്ട്. കാസർകോടും കൊല്ലത്തും അധ്യക്ഷന്മാരാകാനുള്ളവരുടെ നീണ്ട പട്ടികയുണ്ട്. കെപിസിസി സെക്രട്ടറിമാരുടെ പുനസംഘടനയും ഇതോടൊപ്പമുണ്ടായേക്കും. Read on deshabhimani.com