കേരളത്തെ സ്‌നേഹിച്ച നേതാവ്‌ ; മികച്ച സംഘടനാ പ്രവർത്തകൻ

വി എസ് അച്യുതാനന്ദനും കോടിയേരി ബാലകൃഷ്ണനുമൊപ്പം സീതാറാം യെച്ചൂരി


തിരുവന്തപുരം കേരളത്തെ സ്നേഹിക്കുകയും ഇവിടുത്തെ പാർടിയെയും സംഘടനയെയും രാഷ്ട്രീയവും സംഘടനാപരവുമായി ഏറെ സഹായിക്കുകയും ചെയ്‌ത നേതാവാണ്‌ സീതാറാം യെച്ചൂരിയെന്ന്‌ സിപിഐ എം സംസ്ഥാന കമ്മിറ്റി അനുശോചന സന്ദേശത്തിൽ പറഞ്ഞു. രാജ്യത്തും ലോകത്താകെയും ഉയർന്നുവരുന്ന പ്രശ്നങ്ങളിൽ ദിശാബോധത്തോടുകൂടിയ നിലപാടുകൾ സ്വീകരിച്ചു. അഭിപ്രായങ്ങൾ വ്യക്തതയോടെ അവതരിപ്പിക്കാനും രാജ്യത്ത്‌ പാർട്ടിയുടെ ശബ്ദം ഉയർത്തിപ്പിടിക്കാനുമായി. എസ്എഫ്ഐയെ അഖിലേന്ത്യാ ശക്തിയാക്കുന്നതിൽ നിർണായകമായ നേതൃതം നൽകിയ അദ്ദേഹം മൂന്ന് പതിറ്റാണ്ടായി പാർടിയുടെ രാഷ്ട്രീയാഭിപ്രായങ്ങളും നിലപാടുകളും രൂപപ്പെടുത്തുന്നതിൽ തന്റേതായ പങ്കുവഹിച്ചു. കമ്യൂണിസ്റ്റ് പുരോഗമന ശക്തികളുടെ വിവിധ അന്താരാഷ്ട്ര സമ്മേളനങ്ങളിൽ സിപിഐ എമ്മിനെ പ്രതിനിധീകരിച്ചു. സോഷ്യലിസ്റ്റ് രാജ്യങ്ങളുമായും സാമ്രാജ്യത്വ വിരുദ്ധ ശക്തികളുമായും അചഞ്ചലമായ ബന്ധം കാത്തുസൂക്ഷിച്ചു. മികച്ച വാഗ്മിയും എഴുത്തുകാരനുമായ അദ്ദേഹം തന്റെ കഴിവുകൾ പൂർണമായും പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്കായി ഉപയോഗപ്പെടുത്തി. മികച്ച സംഘടനാ പ്രവർത്തകൻ എന്നതിനൊപ്പം അതുല്യനായ പാർലമെന്റേറിയനുമായിരുന്നുവെന്നതിന്‌ തെളിവാണ്‌ 2005 മുതൽ 2017 വരെയുള്ള രാജ്യസഭാകാലം. വർഗീയതയ്ക്കും അഴിമതിക്കുമെതിയായ പോരാട്ട വേദിയായി അദ്ദേഹം പാർലമെന്റിനെ ഉപയോഗപ്പെടുത്തി. മതേതരത്വവും സോഷ്യലിസവും ഭരണഘടനാ മൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്നതായിരുന്നു പ്രസംഗങ്ങളോരോന്നും. വർഗീയ ശക്തികൾക്കെതിരായ കൂട്ടായ്മയുടെ നേതൃനിരയിലും സീതാറാമുണ്ടായിരുന്നു. ഐക്യമുന്നണി, യുപിഎ സർക്കാരുകളുടെ കാലത്ത് നിലപാടുകളും നയപരിപാടികളും രൂപപ്പെടുത്താൻ മുൻപന്തിയിലുണ്ടായിരുന്നു. ഏറ്റവുമൊടുവിൽ ബിജെപി വിരുദ്ധ ശക്തികളെ ഏകോപിപ്പിക്കുന്നതിലും ആ നേതൃപാടവം രാജ്യം തിരിച്ചറിഞ്ഞു. തഷ്ട്രീയ എതിരാളികളുടെ പോലും ആദരവ് നേടിയെടുക്കുന്ന ഉന്നതമായ പെരുമാറ്റത്തിനുടമയായിരുന്ന അദ്ദേഹം വിശാലമായ സൗഹൃദം കാത്തുസൂക്ഷിച്ചിരുന്നുവെന്നും സന്ദേശത്തിൽ പറഞ്ഞു.   Read on deshabhimani.com

Related News