ഭവന പുനർനിർമാണത്തിന്‌ വ്യാജ സമ്മതപത്രം ; പട്ടികജാതി വികസനഫണ്ട്‌ തട്ടിയ ബിജെപി നേതാവിനെതിരെ കേസ്‌



കൊല്ലം അയൽവാസിയുടെ വ്യാജ സമ്മതപത്രം നൽകി ഭവന പുനർനിർമാണത്തുക തട്ടിയെടുത്ത ബിജെപി നേതാവിനെതിരെ കേസ്‌. ചവറ നിയോജക മണ്ഡലം പ്രസിഡന്റും മഹിളാമോർച്ച മുൻ ജില്ലാ സെക്രട്ടറിയുമായ കുരീപ്പുഴ തേജസ്സിൽ  ദീപാ സഹദേവനെതിരെയാണ്‌ ശക്തികുളങ്ങര പൊലീസ്‌ കേസെടുത്തത്‌. അയൽവാസി കുരീപ്പുഴ മുക്കാരത്തിൽ പടിഞ്ഞാറ്റതിൽ സുവർണയുടെ കള്ളയൊപ്പിട്ട്‌ കൊല്ലം കോർപറേഷനിലെ കാവനാട്‌ സോണൽ ഓഫീസിലാണ്‌ സമ്മതപത്രം സമർപ്പിച്ചത്‌. പട്ടികജാതി വികസന ഫണ്ടിൽനിന്നാണ്‌ ഭവനപുനർനിർമാണത്തിന്‌ ഒന്നരലക്ഷം രൂപ  അനുവദിച്ചത്‌. ആദ്യഗഡു 75,000 രൂപ ദീപ കൈപ്പറ്റി. ചട്ടപ്രകാരമുള്ള അതിർത്തികടന്നും നിർമാണം നടക്കുന്നതറിഞ്ഞ്‌  കോർപറേഷൻ അധികൃതർ നടത്തിയ പരിശോധനയിൽ സുവർണ സമ്മതപത്രം നൽകിയിട്ടില്ലെന്ന്‌ അറിഞ്ഞു. വിവരാവകാശ നിയമപ്രകാരം സുവർണ നൽകിയ അപേക്ഷയിലാണ്‌ തട്ടിപ്പ്‌ പുറത്തായത്‌. തുടർന്ന്‌ പൊലീസിൽ പരാതി നൽകി. നോട്ടറി സാക്ഷ്യപ്പെടുത്തിയ വ്യാജ സമ്മതപത്രത്തിൽ ബിജെപി ചവറ മണ്ഡലം ട്രഷറർ പ്രിയങ്കയും പ്രാദേശികനേതാവ്‌ ശിവകുമാറുമാണ്‌ സാക്ഷികൾ. 2015ലും 2020ലും തദ്ദേശ തെരഞ്ഞെടുപ്പിൽ വള്ളിക്കീഴ്‌ ഡിവിഷനിൽ ദീപ ബിജെപി സ്ഥാനാർഥിയായിരുന്നു. Read on deshabhimani.com

Related News