വിദ്യാർഥിക്ക്‌ ചൂരൽപ്രയോഗം ; സ്‌കൂളിന്റെ പ്രവർത്തനം നിർത്തിവയ്ക്കാൻ നോട്ടീസ് നൽകും : മന്ത്രി വി ശിവൻകുട്ടി



തിരുവനന്തപുരം മട്ടാഞ്ചേരി സ്മാർട്ട് കിസ്ഡ് പ്ലേ സ്‌കൂളിൽ മൂന്നര വയസ്സുകാരന് അധ്യാപികയുടെ ചൂരൽകൊണ്ടുള്ള മർദനമേറ്റ സംഭവത്തിൽ കർശന നടപടി ഉണ്ടാകുമെന്ന്‌ മന്ത്രി വി ശിവൻകുട്ടി. സ്‌കൂളിന്റെ പ്രവർത്തനം നിർത്തി വയ്ക്കാൻ നോട്ടീസ് നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് മന്ത്രി നിർദേശം നൽകി. വിദ്യാഭ്യാസ അവകാശ നിയമ പ്രകാരവും കേരള വിദ്യാഭ്യാസ ആക്ട് അനുസരിച്ചും തുടർ നടപടി സ്വീകരിക്കും. സംസ്ഥാനത്ത് നിയമാനുസൃതമല്ലാതെയും അംഗീകാരമില്ലാതെയും പ്രവർത്തിക്കുന്ന വിദ്യാലയങ്ങൾ ഉണ്ടോ എന്ന് പരിശോധിച്ച് ഒരു മാസത്തിനകം റിപ്പോർട്ട് നൽകാനും പൊതുവിദ്യാഭ്യാസ ഡയറക്ടറെ മന്ത്രി ചുമതലപ്പെടുത്തി. സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കേണ്ടത് കെഇആർ ചട്ടപ്രകാരവും കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമപ്രകാരവുമാണെന്ന്‌ വി ശിവൻകുട്ടി പറഞ്ഞു. സ്‌കൂളുകൾക്ക് പ്രവർത്തിക്കാനുള്ള നിരാക്ഷേപ പത്രം  നൽകുന്നത് പൊതുവിദ്യാഭ്യാസ വകുപ്പാണ്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മാത്രമേ പ്രീപ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെയുള്ള വിദ്യാലയങ്ങൾ പ്രവർത്തിപ്പിക്കാനുള്ള അവകാശമുള്ളൂ. ഈ നിബന്ധനകൾ പാലിക്കാതെ ചിലത്‌ പ്രവർത്തിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അത്തരത്തിലുള്ള സ്‌കൂളാണ് മട്ടാഞ്ചേരി ശ്രീ കൊച്ചിൻ ഗുജറാത്തി മഹാജൻ എഡ്യൂക്കേഷണൽ ട്രസ്റ്റിന്റെ കീഴിലെ മട്ടാഞ്ചേരി സ്മാർട്ട് കിഡ്‌സ് പ്ലേ സ്‌കൂൾ. ഈ സ്‌കൂളിൽ സീതാലക്ഷ്മി എന്ന അധ്യാപിക പ്രീ-കെജി വിദ്യാർഥിയെ ചൂരൽകൊണ്ട്‌ മർദിച്ച നടപടി കേരളീയ സംസ്‌കാരത്തിനും മനസ്സാക്ഷിക്കും നിരക്കാത്തതാണ്‌. സംഭവത്തിൽ അധ്യാപികയെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. അംഗീകാരമില്ലാതെ വലിയ ഫീസ് വാങ്ങി മതിയായ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതെ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെയും ഇതിനായി കെട്ടിടം വിട്ടു നൽകുന്ന ഉടമസ്ഥർക്കെതിരെയും നിയമാനുസൃതമായ നടപടിയുണ്ടാകുമെന്ന്‌ മന്ത്രി പറഞ്ഞു.   Read on deshabhimani.com

Related News