ഉപജില്ലാ കായികമേള : പിറവത്ത് എംകെഎം, കോതമംഗലത്ത് മാർ ബേസിൽ
പിറവം പിറവം ഉപജില്ലാ കായികമേളയിൽ എംകെഎം സ്കൂളിന് ഓവറോൾ കിരീടം. സീനിയർ, ജൂനിയർ വിഭാഗത്തിൽ ചാമ്പ്യൻമാരായി. മറ്റു വിഭാഗത്തിലെ വിജയങ്ങൾ ഉൾപ്പെടെ 359 പോയിന്റ് സ്കൂൾ നേടി. 154 പോയിന്റ് നേടിയ രാമമംഗലം ഹൈസ്‌കൂളിനാണ് രണ്ടാംസ്ഥാനം. സീനിയർ വിഭാഗത്തിൽ പാമ്പാക്കുട എംടിഎമ്മും ജൂനിയർ വിഭാഗത്തിൽ പിറവം സെന്റ് ജോസഫും രണ്ടാമതെത്തി. സബ്ജൂനിയർ വിഭാഗത്തിൽ രാമമംഗലം എച്ച്എസ് ചാമ്പ്യന്മാരും പാമ്പാക്കുട എംടിഎം സ്കൂൾ രണ്ടാംസ്ഥാനവും നേടി. യുപി കിഡീസ് വിഭാഗത്തിൽ സെന്റ് പോൾസ് വെളിയനാടും സെന്റ് മേരിസ് യുപിഎസ് അഞ്ചൽപ്പെട്ടിയും ചാമ്പ്യന്മാരായി. പിറവം എംകെഎം രണ്ടാമതെത്തി. എൽപി വിഭാഗത്തിൽ രാമമംഗലം ജൂനിയർ ഇംഗ്ലീഷ് മീഡിയം സ്കൂൾ ചാമ്പ്യന്മാരും മണീട് ഗവ. എൽപിഎസ് രണ്ടാംസ്ഥാനവും നേടി. സമാപനസമ്മേളനം പിറവം നഗരസഭ സ്ഥിരംസമിതി അധ്യക്ഷൻ ജിൽസ് പെരിയപ്പുറം ഉദ്‌ഘാടനം ചെയ്തു. വത്സല വർഗീസ് അധ്യക്ഷയായി. മോളി വലിയകട്ടയിൽ, പി എസ് ജോബ്, എം പി സജീവ്, എ എ ഓനാൻകുഞ്ഞ്, സിബി മാത്യു, ഫാ. ജയ്സൺ വർഗീസ് എന്നിവർ സംസാരിച്ചു. കോതമംഗലം കോതമംഗലം വിദ്യാഭ്യാസ ഉപജില്ലാ കായികമേളയിൽ മാർ ബേസിൽ ഹയർ സെക്കൻഡറി സ്‌കൂൾ 458 പോയിന്റ് നേടി ചാമ്പ്യൻമാരായി. കീരംപാറ സെന്റ് സ്‌റ്റീഫൻസ് എച്ച്എസ്എസ് (245 പോയിന്റ്) രണ്ടും സെന്റ് സ്‌റ്റീഫൻസ് ഗേൾസ് എച്ച്എസ് (65 പോയിന്റ്) മൂന്നും സ്ഥാനം നേടി. യുപി വിഭാഗത്തിൽ കുറ്റിലഞ്ഞി ഗവ. സ്‌കൂളും (40) എൽപി വിഭാഗത്തിൽ രാമല്ലൂർ എസ്‌എച്ച് സ്‌കൂളും (45) ഒന്നാമതെത്തി. സമാപനസമ്മേളനം നഗരസഭാ അധ്യക്ഷൻ കെ കെ ടോമി ഉദ്ഘാടനം ചെയ്തു. കീരംപാറ പഞ്ചായത്ത് പ്രസിഡന്റ് മാമച്ചൻ ജോസഫ് അധ്യക്ഷനായി. Read on deshabhimani.com