വികസനം മുരടിച്ച് പെരുമ്പാവൂർ നഗരസഭ , എൽഡിഎഫ് മാർച്ച് നാളെ



പെരുമ്പാവൂർ പെരുമ്പാവൂർ നഗരസഭയിലെ വികസനമുരടിപ്പിനെതിരെ പ്രതിഷേധം രൂക്ഷമാകുന്നു. ബജറ്റിലെ പദ്ധതികള്‍ ഒന്നുപോലും നടപ്പാക്കാതെ, യുഡിഎഫ് ഭരിക്കുന്ന നഗരസഭയില്‍ ജനജീവിതം ദുസ്സഹമായതായി എൽഡിഎഫ് മുനിസിപ്പൽ കമ്മിറ്റി ആരോപിച്ചു. കോൺഗ്രസിലെയും യുഡിഎഫിലെ യും ചേരിപ്പോരും അധികാരത്തർക്കവുംമൂലം ഭരണകാലയളവില്‍ മൂന്ന്‌ ചെയർമാൻമാരും മൂന്ന് വൈസ് ചെയർമാൻമാരും മാറിയതല്ലാതെ ജനോപകാരപ്രദമായ പദ്ധതികൾ നടപ്പാക്കാൻ നഗരസഭയ്‌ക്ക് കഴിഞ്ഞില്ല. താലൂക്കാശുപത്രി ശോച്യാവസ്ഥയിലായിട്ട് നാളേറെയായി. ആശുപത്രിയിലെ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനുള്ള ഹോസ്പിറ്റൽ മാനേജ്മെ​ന്റ് കമ്മിറ്റിയുടെ തീരുമാനങ്ങൾ ന​ഗരസഭാ ഭരണമുന്നണിയിലെ തർക്കംമൂലം നിരന്തരം അട്ടിമറിക്കപ്പെടുന്നു. നവീകരണം പൂർത്തിയാക്കിയ കാഷ്വാലിറ്റി വിഭാഗം പുതിയ കെട്ടിടത്തിലേക്ക് മാറ്റാൻ നടപടി സ്വീകരിക്കുന്നില്ല. താലൂക്ക് ആയുർവേദ ആശുപത്രി, ഹോമിയോ, മൃഗാശുപത്രി എന്നിവയുടെ പ്രവർത്തനം മന്ദീഭവിച്ച അവസ്ഥയിലാണ്. നഗരസഭയിലെ വാർഡുകളിൽ വഴിവിളക്കുകൾ കത്തുന്നില്ല. റോഡുകളും തകർന്നുകിടക്കുകയാണ്. ഇ എം എസ് ടൗൺഹാൾ അറ്റകുറ്റപ്പണി നടത്താതെ ശോച്യാവസ്ഥയിലാണ്‌. കുടുംബശ്രീ, അങ്കണവാടികൾ, തൊഴിലുറപ്പുപദ്ധതി, ആശാ വർക്കർമാരുടെ സേവനം രാഷ്ട്രീയവൽക്കരിച്ച് ഇവയെ നിർജീവമാക്കി. പ്രശ്നങ്ങള്‍ പരിഹരിക്കാൻ ആവശ്യപ്പെട്ട് എൽഡിഎഫ് മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നഗരസഭയിലേക്ക് ജനകീയമാർച്ച് നടത്തും. ബുധൻ രാവിലെ 10ന് യൂണിയൻ ബാങ്ക് കവലയിൽനിന്നാണ് ജനകീയമാർച്ച് ആരംഭിക്കുന്നത്. Read on deshabhimani.com

Related News