കല്ലൂർക്കാട് പഞ്ചായത്ത് ; യുഡിഎഫ് ഭരണസമിതിക്കെതിരെ കോൺഗ്രസ് സമരം
മൂവാറ്റുപുഴ യുഡിഎഫ് ഭരണസമിതിയിലെ ചേരിപ്പോരിനെ തുടര്‍ന്ന് കല്ലൂർക്കാട് പഞ്ചായത്ത് കമ്മിറ്റി യോഗം ബഹിഷ്കരിച്ച കോൺഗ്രസ് അംഗങ്ങൾ ഓഫീസിനുമുന്നിൽ കുത്തിയിരിപ്പുസമരം നടത്തി. ഭരണസമിതി ക്വാറം തികയാത്തതിനാൽ തിങ്കളാഴ്ച യോഗം ചേർന്നില്ല. പഞ്ചായത്തിൽ വികസനപദ്ധതികൾ നടക്കുന്നില്ലെന്നതുൾപ്പെടെ വിവിധ ആരോപണമാണ് കോൺഗ്രസ് അംഗങ്ങൾക്കുള്ളത്. മുൻ പ്രസിഡന്റ് ജോർജ് ഫ്രാൻസിസും നിലവിലുള്ള പ്രസിഡന്റ് സുജിത്ത് ബേബിയും തമ്മിലുള്ള തർക്കമാണ് ചേരിപ്പോരിന്റെ പ്രധാന കാരണം. മുൻ പ്രസിഡന്റും രണ്ടാം വാർഡ് മെമ്പറുമായ ജോർജ് ഫ്രാൻസിസിന്റെ പ്രദേശമായ മൂവാറ്റുപുഴ -തേനി സംസ്ഥാനപാതയ്ക്കുസമീപം ഒരു വ്യക്തിയുടെ സ്ഥലത്ത് മാസങ്ങൾക്കുമുമ്പ് തള്ളിയ മാലിന്യം നീക്കം ചെയ്യുന്നതുസംബന്ധിച്ചും തർക്കമുണ്ട്. ഈ മാലിന്യം പറമ്പിന്റെ ഉടമ സ്വന്തം ചെലവിൽ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് അറിയിപ്പ് നൽകിയിരുന്നു. യുഡിഎഫ് ഭരണസമിതിയിലെ ചേരിതിരിവ് അണികള്‍ ഏറ്റെടുത്തതും യുഡിഎഫ് നേതൃത്വത്തിന് പ്രതിസന്ധിയായി.13 അംഗ ഭരണസമിതിയിൽ യുഡിഎഫ് ആറ്, എൽഡിഎഫ് അഞ്ച്, ബിജെപി രണ്ട് എന്നിങ്ങനെയാണ് കക്ഷിനില. Read on deshabhimani.com