കൊറോണ വൈറസ്‌ ബാധ : 1040 പേരെ നിരീക്ഷണത്തില്‍നിന്ന്‌ ഒഴിവാക്കി



സ്വന്തം ലേഖിക സംസ്ഥാനത്തുനിന്ന്‌ കൊറോണ ഭീതി അകലുന്ന സാഹചര്യത്തിൽ 1040 പേരെ നിരീക്ഷണത്തിൽനിന്ന്‌ ഒഴിവാക്കി. നിരീക്ഷണത്തിൽ കഴിയുന്നവരെ വിടാനുള്ള ആരോഗ്യവകുപ്പിന്റെ പരിഷ്‌കരിച്ച മാർഗരേഖ പ്രകാരമാണ്‌ നിരീക്ഷണം അവസാനിപ്പിച്ചത്‌.  വൈറസ്‌ ബാധ സംശയിക്കുന്നവരെയും അവരുമായി സമ്പർക്കത്തിലുള്ളവരെയും രണ്ട്‌ വിഭാഗമായി തിരിച്ചാണ്‌ പുതുക്കിയ മാർഗരേഖ പുറത്തിറക്കിയത്‌. അപകട സാധ്യത കൂടുതലുള്ളത്‌ (ഹൈ റിസ്ക്‌): കൊറോണബാധിത പ്രദേശങ്ങളിൽ യാത്രചെയ്തവർ, വൈറസ് ബാധിതരുമായി ബന്ധപ്പെട്ടവർ, മറ്റ് രാജ്യങ്ങളിൽ കൊറോണ ബാധിതരെ ചികിത്സിക്കുന്ന ആശുപത്രി സന്ദർശിച്ചവർ, വൈറസ് ബാധിതരുടെ ശരീര സ്രവം, രക്തം, ഛർദി, മൂത്രം, മലം എന്നിവയുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവർ, രോഗി ഉപയോഗിച്ച വസ്ത്രം, പാത്രം എന്നിവ തൊടുകയോ വൃത്തിയാക്കുകയോ ചെയ്തവർ, രോഗം സ്ഥിരീകരിച്ചവരുമായി ഒരു മീറ്റർ ദൂരത്തിനുള്ളിൽ ഇടപഴകിയവർ, രോഗം സ്ഥിരീകരിച്ചവരുമായി വിമാനയാത്ര നടത്തിയവർ. അപകട സാധ്യത കുറഞ്ഞത്‌ (ലോ റിസ്ക്‌): വൈറസ് ബാധിതരുമായോ സംശയിക്കപ്പെടുന്നവരുമായോ ഒരേ മുറിയിൽ കഴിഞ്ഞവർ, ഒരേ ക്ലാസിൽ പഠിച്ചവർ, ബസ്, ട്രെയിൻ, വിമാനം എന്നിവയിൽ ഒരുമിച്ച് യാത്ര ചെയ്തവർ. ആദ്യ വിഭാഗത്തിലുള്ളവരെ പരിശോധനാ ഫലം നെഗറ്റീവാണെങ്കിലും 28 ദിവസം നിരീക്ഷണത്തിൽ വയ്ക്കണം. അപകടസാധ്യത കുറഞ്ഞവരെ ഫലം നെഗറ്റീവാണെങ്കിൽ 14 ദിവസത്തിനുശേഷം വിടാം.  നിലവിൽ സംസ്ഥാനത്ത്‌ 2455 പേർ നിരീക്ഷണത്തിലുണ്ട്‌. ഇതിൽ 24പേർ ആശുപത്രിയിലാണ്. 389 സാമ്പിൾ എൻഐവിയിൽ പരിശോധിച്ചതിൽ 354 എണ്ണം നെഗറ്റീവാണ്. ബാക്കിയുള്ളവയുടെ ഫലം വരാനുണ്ട്. വൈറസ്‌ ബാധ സ്ഥിരീകരിച്ച ആലപ്പുഴയിലെ വിദ്യാർഥി രോഗം ഭേദമായി ആശുപത്രി വിട്ടു. Read on deshabhimani.com

Related News