വിദ്യാലയങ്ങളിലെ സംരംഭകത്വ വികസന ക്ലബ് ; പുതിയ ഓൺലൈൻ പോർട്ടൽ തുറന്നു



കൊച്ചി വിദ്യാർഥികളിൽ സംരംഭകത്വ സംസ്കാരം വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന സംരംഭകത്വ വികസന ക്ലബ്  (ഒൺട്രപ്രണർഷിപ് ഡെവലപ്മന്റ്‌ ക്ലബ്–-ഇഡി ക്ലബ്) കോ–-ഓർഡിനേറ്റർമാരുടെ സംഗമം സംഘടിപ്പിച്ചു. വ്യവസായവകുപ്പിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ ഇഡി ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ സുതാര്യമാക്കുന്നതിനുള്ള പുതിയ ഓൺലൈൻ പോർട്ടലും വിദ്യർഥികളിലെ നൂതന സംരംഭ ആശയങ്ങൾ പരിപോഷിപ്പിക്കുന്നതിനുള്ള ഡ്രീംവെസ്റ്റർ പദ്ധതിയും മന്ത്രി പി രാജീവ് ഉദ്‌ഘാടനം ചെയ്തു. നിലവിൽ ഒരു ഇഡി ക്ലബ്ബിന്‌ സാമ്പത്തികവർഷം 20,000 രൂപയാണ് സഹായം നൽകുന്നത്‌. ഇനിമുതൽ ബിഗിനർ, ഇന്റർമീഡിയറ്റ്, അഡ്വാൻസ്ഡ് എന്നിങ്ങനെ മൂന്ന് തലങ്ങളായി തിരിച്ചാകും സഹായം. മികച്ച പ്രവർത്തനം നടത്തുന്നവയ്‌ക്ക് അവാർഡ് ഏർപ്പെടുത്തുമെന്നും മന്ത്രി പ്രഖ്യാപിച്ചു. വ്യവസായവകുപ്പ് പ്രിൻസപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, കെഎസ്ഐഡിസി എംഡി എസ് ഹരികിഷോർ, അസാപ് ബിസിനസ് ഹെഡ് ലൈജുനായർ, വ്യവസായവകുപ്പ് അഡീ. ഡയറക്ടർ കൃപകുമാർ, മുന്നൂറോളം ഇഡി ക്ലബ് കോ–--ഓർഡിനേറ്റർമാർ തുടങ്ങിയവർ പങ്കെടുത്തു. ഇഡി ക്ലബ്ബിന്റെ രജിസ്ട്രേഷൻ, പ്രൊപ്പോസൽ സമർപ്പിക്കൽ, ധനസഹായത്തിനുള്ള അപേക്ഷ തുടങ്ങിയവ ഓൺലൈനാക്കാനാണ്‌ പുതിയ പോർട്ടൽ. എല്ലാ കോളേജ് വിദ്യാർഥികൾക്കും ആശയങ്ങൾ അവതരിപ്പിക്കാനും അത്‌ വികസിപ്പിച്ച്‌ സംരംഭത്തിലേക്കെത്തിക്കാനുമുള്ള അവസരമാണ്‌ ഡ്രീംവെസ്റ്റർ പദ്ധതി. മൂന്ന് ഘട്ടങ്ങളായുള്ള പദ്ധതിയിൽ ഐഡിയാത്തോൺ വഴി ഏറ്റവും മികച്ച ആശയം കണ്ടെത്തും. വിദ്യാർഥികൾക്ക്‌ സംഘങ്ങളായി രജിസ്‌റ്റർ ചെയ്യാം. ഇവർക്കായി പ്രത്യേകം വർക്‌ഷോപ്‌ സംഘടിപ്പിക്കും. ശേഷം സംരംഭത്തെക്കുറിച്ച്‌ വിശദമായ പ്ലാൻ സമർപ്പിക്കണം. ജില്ലകളിൽനിന്ന്‌ മികച്ച 12 ആശയങ്ങൾ മുൻനിർത്തി 168 സംഘങ്ങളെ തെരഞ്ഞെടുത്ത്‌ വീണ്ടും മത്സരം നടത്തി മികച്ച 10 ആശയങ്ങളെ തെരഞ്ഞെടുക്കും. Read on deshabhimani.com

Related News