വഖഫ്‌ സ്വത്താക്കിയത്‌ 
മുസ്ലിംലീഗ്‌ നേതാവ്‌ 
ചെയർമാനായ ബോർഡ്‌

റഷീദലി ശിഹാബ്‌ തങ്ങൾ


കൊച്ചി മുനമ്പത്തെ ഭൂമി വഖഫ്‌ സ്വത്തായി രജിസ്‌റ്റർ ചെയ്‌തത്‌ മുസ്ലിംലീഗ്‌ നേതാവ്‌ പാണക്കാട്‌ റഷീദലി ശിഹാബ്‌ തങ്ങൾ ചെയർമാനായിരുന്നപ്പോൾ. 2019 മെ​യ് 20ന് ​ബോ​ർ​ഡ് പുറപ്പെടുവിച്ച ഉത്തരവുപ്രകാരമുള്ള നിർദേശം ഫാറൂഖ്‌ കോളേജ്‌ മാനേജ്മെന്റ്‌ പാലിച്ചില്ലെന്ന്‌ കാട്ടിയായിരുന്നു ബോർഡ്‌ നടപടി. 1950ൽ വഖഫിന്‌ കൈമാറിയെന്ന്‌ അവകാശപ്പെടുന്ന ഭൂമിയിലാണ്‌ 69 വർഷത്തിനുശേഷം രജിസ്‌ട്രേഷൻ നടന്നത്‌. അന്യാധീനപ്പെട്ട ഭൂമി തിരിച്ചു പിടിക്കണമെന്നാവശ്യപ്പെട്ട്‌, ഫാറൂഖ്‌ കോളേജിന്‌ ഭൂമി കൈമാറിയ സിദ്ദിഖ്‌ സേഠിന്റെ  മക്കളായ എം എസ്‌ സുബൈദ ബായ്‌, എൻ എം ഇർഷാദ്‌ സേഠ്‌ എന്നിവർ നൽകിയ കേസിലായിരുന്നു നടപടി. കുഴുപ്പള്ളി, പള്ളിപ്പുറം വില്ലേജുകളിലായുള്ള 404.76 ഏക്കറിൽ 300 ഏക്കറോളം കടലെടുത്തെന്നും അത്‌ റീസർവേയിൽ കണ്ടെത്തിയെന്നും ഫാറൂഖ്‌ കോളേജ്‌ കോടതിയിൽ വിശദമാക്കി. ശേഷിച്ച ഭൂമി 400 പേ​രു​ടെ കൈ​വ​ശ​മായിരുന്നു. അവരെ ഒഴിപ്പിക്കാൻ സാ​ധ്യ​മ​ല്ലാത്ത അ​വ​സ്ഥ​യി​ൽ മധ്യസ്ഥ​പ്ര​കാ​രം ആ​ധാ​രം ര​ജി​സ്റ്റ​ർ ചെ​യ്‌തു. ഭൂമി സംരക്ഷിക്കാൻ വിവിധകാലങ്ങളിൽ നടത്തിയ കേസും രേഖയും കോളേജ്‌ ഹാജരാക്കി. ഒപ്പം കുഴുപ്പള്ളി വില്ലേജ്‌ ഓഫീസർ, പറവൂർ തഹസിൽദാർ എന്നിവർ നൽകിയ കൈവശാവകാശ രേഖ, നികുതിയടച്ച രസീത്‌, പട്ടയം എന്നിവയും ഹാജരാക്കിയിരുന്നു. ഇതെല്ലാം വെറും സാങ്കേതിക വാദങ്ങളാണെന്ന്‌ പറഞ്ഞാണ്‌ ബോർഡ്‌ നടപടിയാരംഭിച്ചത്‌. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കെ 2014ലാണ്‌ റഷീദലിയെ ബോർഡ്‌ ചെയർമാനാക്കിയത്‌. എം സി മായിൻ ഹാജി, അഡ്വ. എം ഷറഫുദീൻ, അഡ്വ. പി വി സൈനുദുൻ, ഫാത്തിമ റോസ്‌ന, എ സജിത എന്നിവരും ഇതേസമയം അംഗങ്ങളായിരുന്നു. Read on deshabhimani.com

Related News