കോതമംഗലത്ത് മുസ്ലിംലീഗ് യോഗത്തിലെ അടി ; യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിയടക്കം 4 പേരെ പുറത്താക്കി
കോതമംഗലം മുസ്ലിംലീഗ് കോതമംഗലം നിയോജകമണ്ഡലം നേതൃയോഗം അലങ്കോലപ്പെടുത്തിയതിന് മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിയടക്കം നാലുപേരെ പാർടിയിൽനിന്ന് പുറത്താക്കി. യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി പി എ ശിഹാബ്, യൂത്ത് ലീഗ് മുൻ ജില്ലാ പ്രസിഡന്റ് കെ എം ആസാദ്, യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് അബു കൊട്ടാരം, മടിയൂർ ശാഖാ ഭാരവാഹി സി എം ഇബ്രാഹിംകുട്ടി എന്നിവരെയാണ് പ്രാഥമികാംഗത്വത്തിൽനിന്ന് മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി പുറത്താക്കിയത്. കോതമംഗലം മർച്ചന്റ്‌സ് അസോസിയേഷൻ ഹാളിൽ ഡിസംബർ നാലിന് ലീഗ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച നേതൃയോഗത്തിലായിരുന്നു ചേരിതിരിഞ്ഞ് അടി നടന്നത്. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒരുക്കത്തിനായി ചേർന്ന യോഗത്തിൽ പഞ്ചായത്ത്, ശാഖാ ഭാരവാഹികൾ, ജനപ്രതിനിധികൾ എന്നിവരാണ് പങ്കെടുത്തത്. സംഘടനാ തെരഞ്ഞെടുപ്പിൽ അനർഹരായവരെ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു ഒരു വിഭാഗം യോഗം അലങ്കോലപ്പെടുത്തിയത്. യോഗം തടസ്സപ്പെടുത്തിയതിനും ഹാളിൽ നാശനഷ്ടം ഉണ്ടായതിനും കോതമംഗലം പൊലീസിലും മണ്ഡലം കമ്മിറ്റി പരാതി നല്കിയിട്ടുണ്ട്. Read on deshabhimani.com