മുനമ്പം അഴീക്കോട് പാലം 2025ല്‍ തുറക്കും ; സ്പാന്‍ കോണ്‍ക്രീറ്റിങ് തുടങ്ങി
വൈപ്പിൻ മുനമ്പം–-അഴീക്കോട് പാലം നിർമാണം അടുത്തഘട്ടത്തിലേക്ക് കടന്നു. അഴീക്കോട് ഭാഗത്തെ ആദ്യ രണ്ട് സ്പാനുകളുടെ (30 മീറ്റർ) കോൺക്രീറ്റിങ് തുടങ്ങി. അഴീക്കോട് ഭാഗത്തെ പൈലിങ് പൂർത്തിയാക്കി ഇപ്പോൾ മുനമ്പം ഭാഗത്ത് പൈലിങ്ങും തുടങ്ങി. കിഫ്ബിയിൽ 143 കോടി രൂപ ചെലവഴിച്ചാണ് പാലം നിർമിക്കുന്നത്. 2017ൽ ഭരണാനുമതി ലഭിച്ചെങ്കിലും 2023ലാണ് നിർമാണം ആരംഭിച്ചത്. പാലത്തിനും അനുബന്ധ റോഡിനുംകൂടി 1124 മീറ്റർ നീളം ഉണ്ടാകും. പാലത്തിന് 875 മീറ്റർ നീളവും 15.70 മീറ്റർ വീതിയും ഉണ്ടാകും. കാര്യാജ് വേയുടെ വീതി ഏഴുമീറ്ററും ഇരുഭാഗത്തും ഒന്നരമീറ്റർ ഷോൾഡറും 1.80 മീറ്ററിന്റെ സൈക്കിൾ ട്രാക്കും ഉണ്ടാകും. ഇതുകൂടാതെ ഇരുഭാഗത്തും ഒന്നരമീറ്റർ നടപ്പാതയും ഉൾപ്പെടുന്നു. ഇതിനായി മുനമ്പത്ത് 53 സെന്റ് ഭൂമിയും അഴീക്കോട് ഫിഷറീസ് വകുപ്പിന്റെ ഭൂമി ഉൾപ്പെടെ 106 സെന്റുമാണ് ഏറ്റെടുത്തത്. ആകെ 196 പൈലുകളിൽ 126 എണ്ണം പൂർത്തിയാക്കി. 34 പൈൽ ക്യാപുകളിൽ 13 എണ്ണത്തിന്റെയും 55 തൂണുകളിൽ 20 എണ്ണത്തിന്റെയും നിർമാണവും പൂർത്തിയായി. അപ്രോച്ച് റോഡിനുവേണ്ടി മുനമ്പത്ത് സർക്കാർ ഏറ്റെടുത്ത കെട്ടിടങ്ങൾ ഉടൻ പൊളിക്കും. പാലത്തിന്റെ വശങ്ങളിലെ ഉയരം എട്ടേകാൽ മീറ്ററാണ്. മീൻപിടിത്ത യാനങ്ങൾക്ക് നിയമാനുസൃതം നിശ്ചയിച്ച ഉയരം കണക്കിലെടുത്താൽ യാത്രാതടസ്സം ഉണ്ടാകില്ല. മധ്യഭാഗത്ത് ഓരോ വർഷവും ഡ്രഡ്ജിങ് നടത്തുന്നതിന് നാലുകോടി രൂപയും വ്യവസ്ഥ ചെയ്തിട്ടുണ്ട്. പാലം തുറക്കുന്നതോടെ മുനമ്പത്തെ മത്സ്യമേഖല, ബീച്ച് ടൂറിസം എന്നിവ വികസനകുതിപ്പിലാകും. 2025 ഓടെ പാലം തുറന്നുകൊടുക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇ ടി ടൈസൺ എംഎൽഎ, കേരള റോഡ് ഫണ്ട് ബോർഡ് അസി. എക്സിക്യൂട്ടീവ് എൻജിനിയർ കെ എ സജിത്ത്, അസിസ്‌റ്റന്റ് എൻജിനിയർ ഐ എസ് മൈഥിലി, പ്രോജക്ട് ജനറൽ മാനേജർ വിനയകുമാർ എന്നിവര്‍ നിര്‍മാണം നടക്കുന്ന പാലം സന്ദര്‍ശിച്ചു. Read on deshabhimani.com