പന്തീരാങ്കാവ് കേസ്: ദമ്പതിമാർക്ക്‌ 
കൗൺസലിങ്‌ നൽകണമെന്ന്‌ ഹൈക്കോടതി



കൊച്ചി പന്തീരാങ്കാവ് ഗാർഹികപീഡനക്കേസിലെ പ്രതി രാഹുൽ പി ഗോപാലിനും പരാതിക്കാരിയായ ഭാര്യയ്‌ക്കും കൗൺസലിങ്‌ നൽകാൻ ഹൈക്കോടതി നിർദേശിച്ചു. സംസ്ഥാന നിയമസേവന അതോറിറ്റിയുടെ വിദഗ്ധ കൗൺസലർ ഒരാഴ്ചയ്‌ക്കുള്ളിൽ കൗൺസലിങ്‌ നൽകണമെന്നും റിപ്പോർട്ട്  ഹൈക്കോടതിക്ക് സമർപ്പിക്കണമെന്നും ജസ്റ്റിസ് എ ബദറുദീൻ ഉത്തരവിട്ടു. റിപ്പോർട്ട് ലഭിച്ചശേഷം ഗാർഹികപീഡനക്കേസ് റദ്ദാക്കുന്നതിൽ തീരുമാനമെടുക്കും. 21ന് കേസ് വീണ്ടും പരിഗണിക്കും. അതുവരെ പ്രതിക്കെതിരെ കർശനനടപടി പാടില്ലെന്നും പൊലീസിന്‌ നി‌ർദേശം നൽകി. ഒരുമിച്ച്‌ ജീവിക്കാനുള്ള ആഗ്രഹം ദമ്പതിമാർ ഹൈക്കോടതിയിൽ നേരിട്ടെത്തി അറിയിച്ചു. രാഹുലിനെതിരെയുള്ള ആക്ഷേപം ഗൗരവമാണെങ്കിലും ഒരുമിച്ചുള്ള ജീവിതത്തിന് കേസ് തടസ്സമാകരുതെന്ന്‌ ഹെെക്കോടതി നിരീക്ഷിച്ചു. പരാതി നൽകിയത് വീട്ടുകാരുടെ പ്രേരണയിലാണെന്നും ഒരുമിച്ച് ജീവിക്കാനാണ് ആഗ്രഹമെന്നും ഭർത്താവിന്റെ സമ്മർദത്തിലല്ല കേസ്‌ പിൻവലിക്കുന്നതെന്നും യുവതി അറിയിച്ചു. ദാമ്പത്യ പ്രശ്നങ്ങൾമാത്രമാണ്‌ ഉണ്ടായിരുന്നതെന്ന് രാഹുലും വ്യക്തമാക്കി.   കേസ് റദ്ദാക്കുന്നതിനെ പ്രോസിക്യൂഷൻ എതിർത്തു. ഗുരുതര കുറ്റകൃത്യം ചെയ്തയുടൻ വിദേശത്തേക്കുകടന്ന രാഹുലിന്റെ വിശദീകരണം വിശ്വാസയോഗ്യമല്ലെന്നും വാദിച്ചു. സംഭവശേഷം ജർമനിയിലേക്കുപോയ രാഹുൽ, ഹെെക്കോടതി നടപടികളെതുടർന്ന് കഴിഞ്ഞദിവസമാണ് തിരിച്ചെത്തിയത്. Read on deshabhimani.com

Related News