മിഷേൽ ഷാജിയുടെ മരണം: സിബിഐ അന്വേഷണം വേണമെന്ന ഹർജി തള്ളി



കൊച്ചി കൊച്ചിയിൽ സിഎ വിദ്യാർഥിയായിരുന്ന പിറവം സ്വദേശിനി മിഷേൽ ഷാജിയുടെ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട്‌ അച്ഛൻ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. ക്രൈംബ്രാഞ്ച്‌ അന്വേഷണം വേഗം പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ ജസ്റ്റിസ്‌ സി എസ് സുധ നിർദേശിച്ചു. മിഷേലിന്റേത് മുങ്ങിമരണമാണെന്ന വാദത്തിന് തെളിവുകളുണ്ടെന്നും നരഹത്യയാണെന്ന്‌ സംശയിക്കാൻ സാഹചര്യമില്ലെന്നും കോടതി വ്യക്തമാക്കി. അതേസമയം, കേസ് രജിസ്റ്റർ ചെയ്യാൻ വൈകിയതും രക്ഷിതാക്കളെ പല സ്‌റ്റേഷനുകളിലും വിളിച്ചുവരുത്തിയതും അനാസ്ഥയാണെന്ന് ഹൈക്കോടതി വിലയിരുത്തി. 2017 മാർച്ച് അഞ്ചിനാണ് മിഷേൽ ഷാജിയെ കാണാതായത്. തൊട്ടടുത്ത ദിവസം കൊച്ചി കായലിൽനിന്ന്‌ മൃതദേഹം കണ്ടെത്തുകയായിരുന്നു. കാണാതായ ദിവസം വൈകിട്ട്‌ മിഷേൽ ഷാജി കലൂരിലെ പള്ളിയിലെത്തി മടങ്ങുന്ന ദൃശ്യങ്ങൾ ലഭിച്ചിരുന്നു. ലോക്കൽ പൊലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും അന്വേഷണത്തിൽ ആത്മഹത്യയാണെന്നാണ് കണ്ടെത്തിയിരുന്നത്. എന്നാൽ, എഫ്ഐആറിൽ ക്രമക്കേടുണ്ടെന്നും കൊലപാതകമാണെന്നും പറഞ്ഞാണ്‌ അച്ഛൻ സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്. Read on deshabhimani.com

Related News