താണിയൻകടവ് ജലോത്സവം: താണിയനും വടക്കുംപുറവും ജേതാക്കൾ
പറവൂർ ഓളപ്പരപ്പിൽ ആവേശം വിതച്ച് ഇരുട്ടുകുത്തി വള്ളങ്ങൾ ചീറിപ്പാഞ്ഞ താണിയൻകടവ് ജലോത്സവത്തിൽ താണിയന് ഹാട്രിക് വിജയം. എ ഗ്രേഡ് ഫൈനലിൽ തുരുത്തിപ്പുറം ബോട്ട് ക്ലബ്ബിന്റെ തുരുത്തിപ്പുറം വള്ളത്തെയാണ് ക്രിസ്‌തുരാജ ബോട്ട് ക്ലബ് തുഴഞ്ഞ താണിയൻ പരാജയപ്പെടുത്തിയത്. ബി ഗ്രേഡ് ഫൈനലിൽ വടക്കുംപുറം പുനർജനി ബോട്ട് ക്ലബ് തുഴഞ്ഞ വടക്കുംപുറം വള്ളം കൊച്ചിൻ ഈഗിൾ ബോട്ട് ക്ലബ്ബിന്റെ ജിബി തട്ടകനെ തോൽപ്പിച്ചു. ചാത്തേടം ക്രിസ്‌തുരാജ ബോട്ട് ക്ലബ് ആയിരുന്നു ജലമേളയുടെ സംഘാടകർ. ഇ ടി ടൈസൻ എംഎൽഎ ജലോത്സവം ഉദ്ഘാടനം ചെയ്‌തു. ക്രിസ്‌തുരാജ ബോട്ട് ക്ലബ് പ്രസിഡന്റ് ജോസി താണിയത്ത് അധ്യക്ഷനായി. താണിയൻ വള്ളത്തിന്റെ അമരക്കാരൻ രാജീവ് രാജു ഫ്ലാഗ്ഓഫ് ചെയ്‌തു. മേജർ ജനറൽ ഡോ. പി വിവേകാനന്ദൻ തുഴ കൈമാറി. ഈ വർഷം എംബിബിഎസിന് പ്രവേശനം നേടിയ 10 കുട്ടികൾക്ക് 10,000 രൂപവീതം സ്കോളർഷിപ്പും താണിയൻകടവ് വള്ളംകളിയിൽ പങ്കെടുക്കുന്ന 16 ഇരുട്ടുകുത്തി വള്ളങ്ങളിലെ 200 തുഴച്ചിൽക്കാരുടെ മക്കൾക്ക് പഠനോപകരണങ്ങളും തുരുത്തിപ്പുറം ഫാ. വർഗീസ് താണിയത്ത് ചാരിറ്റബിൾ ട്രസ്‌റ്റ് നൽകി. വിദ്യാഭ്യാസ പുരസ്‌കാരവിതരണവും നടത്തി. ഫാ. ഫ്രാൻസിസ് താണിയത്ത്, ലീന വിശ്വൻ, റോസി ജോഷി, നിത സ്‌റ്റാലിൻ, ഷെറുബി സെലസ്‌റ്റീന, ജാൻസി ഫ്രാൻസിസ് തുടങ്ങിയവർ സംസാരിച്ചു. ജലോത്സവ വിജയികൾക്ക് പുത്തൻവേലിക്കര പൊലീസ് ഇൻസ്പെക്ടർ സിദ്ദിഖ് അബ്ദുൽ ഖാദർ ട്രോഫി നൽകി. Read on deshabhimani.com