ചതിച്ചത്‌ ഡിജിസിഎ ; 
ടേക്ക്‌ ഓഫായില്ല സൂരജിന്റെ സ്വപ്‌നം



കൊച്ചി കൊച്ചിയിൽ ആദ്യം ഇറങ്ങാൻ എല്ലാ തയ്യാറെടുപ്പും പൂർത്തിയാക്കിയ സീപ്ലെയിൻ പദ്ധതിയെ മത്സ്യത്തൊഴിലാളികളും  സംഘടനകളും സമരംചെയ്‌ത്‌ പമ്പകടത്തിയെന്ന്‌ ഇപ്പോഴും പ്രചരിപ്പിക്കുന്നു ഒരുകൂട്ടർ. എന്നാൽ, യാഥാർഥ്യം ഇതൊന്നുമല്ലെന്നും കോടികൾ മുടക്കിയ പദ്ധതിക്ക്‌ വില്ലനായത്‌ സിവിൽ വ്യോമയാന ഡയറക്ടർ ജനറൽ (ഡിജിസിഎ) ആണെന്നും തുറന്നുപറയുന്നു പദ്ധതി നടപ്പാക്കാൻ ശ്രമിച്ച കൊച്ചി സ്വദേശി സൂരജ്‌ ജോസ്‌. ‘‘പലവട്ടം ഡിജിസിഎ ഓഫീസിൽ കയറിയിറങ്ങി. എല്ലാം ബോധ്യപ്പെടുത്തിയിട്ടും അന്തിമാനുമതി തന്നില്ല. ഇതിനിടെ വായ്‌പാ തിരിച്ചടവ്‌ മുടങ്ങി. അമേരിക്കയിൽനിന്ന്‌ എത്തിച്ച എന്റെ സീപ്ലെയിൻ ഒടുവിൽ ബാങ്ക്‌ ജപ്‌തി ചെയ്‌തു’’–- സൂരജിന്റെ വാക്കുകളിൽ ഇപ്പോഴും നിരാശ. കൊച്ചിയിൽനിന്ന്‌ കവരത്തി, മിനിക്കോയ്‌ എന്നിവിടങ്ങളിലേക്ക്‌ സീപ്ലെയിൻ സർവീസ്‌ ആരംഭിക്കാനായിരുന്നു സൂരജിന്റെ പദ്ധതി.  ‘‘2014ലാണ്‌ യുഎസ്‌ കമ്പനിയായ ക്വസ്‌റ്റ്‌ എയർക്രാഫ്‌റ്റ്‌ നിർമിച്ച ‘ക്വസ്‌റ്റ്‌ കോഡിയാക്‌ 100’ വിമാനം വാങ്ങിയത്‌. സീപ്ലെയിനാക്കി മാറ്റി 2015ൽ ഇന്ത്യയിലെത്തിച്ചു. പൈലറ്റുമാർക്ക്‌ പരിശീലനം നൽകി. ഡിജിസിഎ എൻജിനിയർമാർക്കും പരിശീലനം ലഭ്യമാക്കി. വിമാനനിർമാണ കമ്പനി അധികൃതരെ ഇതിനായി കൊച്ചിയിൽ എത്തിച്ചു. രജിസ്‌ട്രേഷനും നേടി. സ്വന്തം പണം മുടക്കിയായിരുന്നു ഇതെല്ലാം. എന്നാൽ, ഡിജിസിഎക്ക്‌ പദ്ധതിയെപ്പറ്റി ആശയക്കുഴപ്പമായിരുന്നു. മാർഗനിർദേശങ്ങളും ചട്ടങ്ങളും മാറ്റിക്കൊണ്ടിരുന്നു. വലിയ വിമാനങ്ങൾക്കുള്ള നിബന്ധനകളും ചട്ടങ്ങളും ചെറുവിമാനങ്ങൾക്കും ബാധകമാക്കിയത്‌ ഞങ്ങൾക്ക്‌ തിരിച്ചടിയായി. കാര്യങ്ങൾ അവരെ ബോധ്യപ്പെടുത്താൻ പലവട്ടം ശ്രമിച്ചു. ഫലമുണ്ടായില്ല. സിഇഒയായ ഞാനടക്കം ആറുപേർ സീ ബേഡ്‌ സീപ്ലെയിൻ പ്രൈവറ്റ്‌ ലിമിറ്റഡ്‌ എന്ന പേരിൽ കമ്പനി രൂപീകരിച്ചിരുന്നു. പദ്ധതിക്കായി ആകെ ചെലവായത്‌ 17 കോടി. ഇതിൽ നാലുകോടി വായ്‌പയായിരുന്നു. വിമാനത്തിനുമാത്രം 14 കോടി. ഒടുവിൽ വിമാനം ബാങ്ക്‌ ജപ്‌തി ചെയ്‌തു. തുടർന്ന്‌ യുഎസ്‌ കമ്പനിക്ക്‌ വിറ്റു. മുഖ്യമന്ത്രി പിണറായി വിജയനെയും ഉമ്മൻചാണ്ടിയെയും കണ്ടിരുന്നു. അവർ എല്ലാ സഹകരണവും ഉറപ്പുനൽകി. എന്നാൽ, അനുമതിയടക്കമുള്ള കാര്യങ്ങൾ അവരുടെ കൈയിൽ അല്ലല്ലോ. ഇനി സ്വന്തമായി സംരംഭത്തിനില്ല. മുന്നോട്ടുവരുന്നവരെ സഹായിക്കാം. ആ നാളുകളിൽ പണം മാത്രമല്ല, മനഃസമാധാനവും നഷ്ടമായിരുന്നു. വൻ സാധ്യതകളാണ്‌ സീപ്ലെയിൻ പദ്ധതിക്കുള്ളത്‌. പ്രാദേശികമായി തൊഴിൽസാധ്യതകളുൾപ്പെടെ സൃഷ്ടിക്കാനാകും. ഇതുമായി ബന്ധപ്പെട്ടുയരുന്ന ആശങ്കകൾക്കും വിവാദങ്ങൾക്കുമൊന്നും  അടിസ്ഥാനമില്ല’’–-സൂരജ്‌ ജോസ്‌ പറഞ്ഞു. Read on deshabhimani.com

Related News