പെരിങ്ങളത്ത് സിപിഐ എം പ്രവര്‍ത്തകരെ വെട്ടിക്കൊല്ലാന്‍ ആര്‍എസ്എസ് ശ്രമം



പാനൂര്‍ > കണ്ണൂര്‍ പെരിങ്ങളം കണ്ണംവെള്ളിയില്‍ സിപിഐ എം പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്താന്‍ ആര്‍എസ്എസ് ശ്രമം. കണ്ണംവെള്ളി കല്ലുള്ളപുനത്തില്‍ മുത്തപ്പന്‍ ക്ഷേത്ര പരിസരത്ത് ചൊവാഴ്ച രാത്രി പതിനൊന്നോടെയാണ് സംഭവം. ക്ഷേത്ര ഉത്സവത്തിന് പോയി തിരിച്ചുവരികയായിരുന്ന സിപിഐ എം കണ്ണം വെള്ളി ബ്രാഞ്ചംഗം കൊയിലോത്ത് ശ്രീരാഗ് (30),  പാലിലാണ്ടി പീടിക ബ്രാഞ്ചംഗം തുണ്ടിയില്‍ റിജില്‍ (28), പ്രവര്‍ത്തകരായ  കണ്ണംവെള്ളിയില്‍ മനത്താനാത്ത് ബിബിന്‍ (26), പാലിലാണ്ടി പീടികയില്‍ പുള്ളുവന്‍ പറമ്പത്ത് സനില്‍ (23) എന്നിവരെയാണ് മാരകായുധങ്ങളുമായി പതിയിരുന്നാക്രമിച്ചത്.  സാരമായി പരിക്കേറ്റ നാലുപേരെയും തലശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  മൂത്തേടത്ത് താഴെകുനിയിലെ സന്ദീപ്, റോജു,  രഞ്ജു, ഷിബു, എകരത്ത്കണ്ടിയില്‍ നിധുല്‍, നടക്കകത്ത് താഴെ കുനിയില്‍ ശശി, കൈതയുള്ളപറമ്പത്ത് പ്രമോദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. ഇവര്‍ക്കെതിരെ ചൊക്ളി പൊലീസില്‍ പരാതി നല്‍കി.  ഉത്സവം നടക്കുന്ന ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് സംഘടിച്ച് അക്രമം അഴിച്ചുവിടുന്ന രീതി ആര്‍എസ്എസ് പതിവാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം സിപിഐ എം പാനൂര്‍ ലോക്കല്‍ കമ്മിറ്റിയംഗവും ഡിവൈഎഫ്ഐ ബ്ളോക്ക് സെക്രട്ടറിയുമായ എംപി ബൈജുവിനെയും വള്ളങ്ങാട് ബ്രാഞ്ച് സെക്രട്ടറി പി വിജേഷിനെയും വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചതും വള്ളങ്ങാട് ശ്രീ കൃഷ്ണക്ഷേത്ര ഉത്സവത്തിനിടെയായിരുന്നു. ഉത്സവങ്ങള്‍ അലങ്കോലപ്പെടുത്തുന്ന രീതിയില്‍ ബോധപൂര്‍വം അക്രമം അഴിച്ചുവിടുന്ന ആര്‍എസ്എസ് നടപടി വിശ്വാസികള്‍ക്കിടയില്‍ അമര്‍ഷത്തിനിടയാക്കിയിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ പൊലീസ് കര്‍ശന നടപടി സ്വീകരിക്കണമെന്നും സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമത്തില്‍നിന്ന്ആര്‍എസ്എസ്സുകാര്‍ പിന്മാറണമെന്നും സിപിഐ എം പെരിങ്ങളം ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. Read on deshabhimani.com

Related News