‘ഞങ്ങളൊന്നാണ്, എപ്പോഴും ഒന്നിച്ചാണ്, അവരില്ലാതെ തനിച്ചെങ്ങനെ സ്‌കൂളിൽ പോകും
പാലക്കാട് ‘ഞങ്ങളൊന്നാണ്, എപ്പോഴും ഒന്നിച്ചാണ്, അവരില്ലാതെ ഞാൻ എങ്ങനെ സ്‌കൂളിൽ പോകും’? നാലു കൂട്ടുകാരെയും മരണം കവർന്നെന്ന് വിശ്വസിക്കാൻ തലനാരിഴയ്‌ക്ക് രക്ഷപ്പെട്ട അജ്‌ന ഷെറിന് കഴിയുന്നില്ല. വ്യാഴാഴ്‌ച ഇംഗ്ലീഷ് പരീക്ഷയായിരുന്നു. എളുപ്പമായതിന്റെ സന്തോഷം എല്ലാവരിലുമുണ്ടായിരുന്നു. ഞങ്ങൾ മിഠായി വാങ്ങി കഴിച്ചു. അടുത്ത ദിവസത്തെ ഹിന്ദി പരീക്ഷയെ കുറിച്ച് സംസാരിച്ചു. സ്കൂൾവിട്ട് ചിലപ്പോൾ മാത്രമാണ് മെയിൻ റോഡിലൂടെ വരാറ്. ഉള്ളിലൂടെ മറ്റൊരു വഴിയുണ്ട്. ഐസ്ക്രീം കഴിക്കാനാണ് പ്രധാന റോഡിലൂടെ വന്നത്. ഞാൻ കുറച്ച് പിറകിലായിരുന്നു. കണ്ണടച്ചുതുറക്കും മുമ്പേ ലോറി പാഞ്ഞടുത്തു. തൊട്ടപ്പുറത്തെ ചാലിലേക്ക് ഞാൻ വീണു. ഒപ്പമുണ്ടായിരുന്ന ഇർഫാനയുടെ ഉമ്മയാണ് എന്നെ വാരിയെടുത്തത്. പിന്നെയൊന്നുമറിയില്ല. അവർ പോയെന്ന് ഉപ്പ പറഞ്ഞു. വിശ്വസിക്കാനേ പറ്റുന്നില്ല. റിദയുടെയും നിദയുടെയും കുടയും റൈറ്റിങ് പാഡും ബാഗിൽ സ്ഥലമില്ലാത്തതിനാൽ എന്നെയാണ് ഏൽപ്പിച്ചിരുന്നത്. ഇത് തിരിച്ചു കൊടുക്കണ്ടേ’ – അജ്നാ ഷെറിൻ മുഖം പൊത്തി വിങ്ങിപ്പൊട്ടി. നാലു കൂട്ടുകാരികളുടെയും മൃതദേഹം കരിമ്പനയ്‌ക്കൽ ഹാളിൽ അടുത്തടുത്തായി വച്ചപ്പോൾ കണ്ടുനിൽക്കാൻ കരുത്തില്ലാതെ തളർന്നിരുന്നു. തനിച്ചിനി സ്‌കൂളിലേക്ക് ഇല്ല. വിഷമംതാങ്ങാനാകാതെ അജ്ന പറഞ്ഞു. Read on deshabhimani.com