വര്‍ഗീയ-തീവ്രവാദ നിലപാടുകളോട് പൊലീസ് സേന വീട്ടുവീഴ്ച ചെയ്യാന്‍ പാടില്ല: മുഖ്യമന്ത്രി



തൃശൂര്‍>  രാജ്യത്തെ ജനങ്ങളുടെ ഒരുമയും ഐക്യവുമാണ് പ്രധാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ .അതിന് വിഘാതമുണ്ടാക്കുന്ന പ്രത്യേക ചിന്തകള്‍, പ്രത്യേകിച്ച്   വര്‍ഗീയ-- തീവ്രവാദ നിലപാടുകള്‍  എന്നിവയോട്  പൊലീസ് സേന വീട്ടുവീഴ്ച ചെയ്യാന്‍ പാടില്ല. വര്‍ഗീയ കലാപങ്ങളില്ലാത്ത നാടായി കേരളം നിലകൊള്ളുകയാണ്. വര്‍ഗീയ സംഘര്‍ഷങ്ങളില്‍ കടുത്ത നടപടികള്‍  സ്വീകരിച്ച്   പൊലീസ്  സ്തുത്യര്‍ഹമായ പങ്ക് വഹിച്ചു.  ആ രീതി തുടരണം. രാജ്യത്തിന്റെ മതനിരപേക്ഷതക്ക് പോറല്‍ തട്ടാതിരിക്കണം.    തൃശൂര്‍ പൊലീസ് അക്കാദമിയില്‍  മുപ്പത്തൊന്നമത് എസ്‌ഐ കേഡറ്റ് പാസിങ്  ഔട്ട് പരേഡില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.|  ഇന്ത്യയിലെ ഏറ്റവും ഭദ്രമായ ക്രമസാമാധാന നില പാലിക്കുന്ന സംസ്ഥാനമാണ് കേരളം. അതില്‍ ഒരു ഘടകം പൊലീസ് പ്രവൃത്തികളാണ്. ക്രമസമാധാനം തകര്‍ക്കുകയന്ന ഉദ്ദേശത്തോടെ നേരത്തെ ഗൂഢശക്തികള്‍  ബോധപൂര്‍വമായ ശ്രമം നടത്തിയിരുന്നു. അതിന്  നേരെ  ഉറച്ച നിലപാട് സംയമനത്തോടെ കേരള പൊലീസ് സ്വീകരിച്ചു. ഉദ്ദേശിച്ച കാര്യങ്ങള്‍  അവര്‍ക്ക്  വിജയിപ്പിക്കാനായില്ല. കേരള പൊലീസ് ലോകത്തെ മികച്ച  സേനകളിലൊന്നായി മാറി.  തെളിയിക്കാന്‍ കഴിയില്ലെന്ന്   കുറ്റവാളികള്‍ കരുതിയ പല കേസുകളിലും  പ്രതികളെ പിടികൂടി. ഇത്തരത്തില്‍  സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനും  മികവാര്‍ന്ന  പ്രവര്‍ത്തനം കാഴ്ചവച്ചു.   ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ മര്‍ദന ഉപകരണമായിരുന്ന ഇരുണ്ട കാലം പൊലീസിലുണ്ടായിരുന്നു. സ്വാതന്ത്യാനന്തര ഇന്ത്യയിലും അത് തുടര്‍ന്നു.   കറുത്ത മുഖം മാറി ഇപ്പോള്‍  ജനകീയമായി.  പിന്നീട് ക്രമാനുഗതമായാണ് മാറ്റങ്ങളുണ്ടായത്. കേരളത്തില്‍  സമരരംഗത്ത് തൊഴിലാളികളെ പൊലീസ് വേട്ടയാടിയിരുന്നു. അതിനെല്ലാം മാറ്റം വന്നു. ഇപ്പോള്‍  സേനയ്ക്ക് മികച്ച പരിശീലനം നല്‍കുന്നു. ഉന്നത വിദ്യാഭ്യാസമുള്ളവരടക്കം സേനയില്‍ വന്നതോടെ സേനക്ക്  പുതിയ  മുഖമായി.  എന്നാല്‍ സേനയിലെ ചിലരെ സമൂഹത്തിലെ തെറ്റായ പ്രവണതകള്‍  സ്വാനീക്കുന്നുണ്ട്. അത്തരക്കാര്‍ക്കെതിരെ കര്‍ക്കശ നിലപാട് സ്വീകരിക്കും. ചിലരെ  പുറത്താക്കേണ്ട സ്ഥിതിയും വന്നിട്ടുണ്ട്.  ജനങ്ങളാണ് സര്‍വീസ് മേഖലയിലെ  യജമാനന്‍മാര്‍ എന്ന് മനസിലാക്കി മാതൃകാ പൊലീസുകാരായി മാറണമെന്നും മുഖ്യമന്ത്രി പറഞ്ഞു.   Read on deshabhimani.com

Related News