കരുത്തോടെ എൽഡിഎഫ്‌ ; ഉപതെരഞ്ഞെടുപ്പിനെ നേരിടുന്നത്‌ തികഞ്ഞ ആത്മവിശ്വാസത്തിൽ



തിരുവനന്തപുരം വയനാട്‌ (ലോക്‌സഭ), ചേലക്കര, പാലക്കാട്‌ (നിയമസഭ) മണ്ഡലങ്ങളിലേക്കുള്ള ഉപ തെരഞ്ഞെടുപ്പിനെ എൽഡിഎഫ്‌ നേരിടുന്നത്‌ തികഞ്ഞ ആത്മവിശ്വാസത്തിൽ. തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ തിരുവനന്തപുരം ജില്ലയിലടക്കമുണ്ടാക്കിയ എൽഡിഎഫ്‌ കുതിപ്പ്‌ സംസ്ഥാനത്തെ രാഷ്‌ട്രീയ അന്തരീക്ഷം പാടേമാറ്റിയിരിക്കുകയാണ്‌. സംസ്ഥാന സർക്കാരിന്റെ പ്രവർത്തനം വിലയിരുത്തി 2021ൽ തുടർഭരണം നൽകിയ അതേ അന്തരീക്ഷവും രാഷ്‌ട്രീയ സാഹചര്യവും കേരളത്തിലുണ്ടെന്ന വിലയിരുത്തലാണ്‌ പൊതുവിലുള്ളത്‌. അതു ശരിവയ്‌ക്കുന്നവിധത്തിലാണ്‌ സർക്കാരിനെതിരെ പ്രതിപക്ഷവും കേന്ദ്രസർക്കാരും ഒരുവിഭാഗം മാധ്യമങ്ങളും ചേർന്ന്‌ നടത്തുന്ന ആക്രമണവും വ്യാജ പ്രചാരണവും. ലോക്‌സഭ തെരഞ്ഞെടുപ്പ്‌ ഫലം വന്നയുടനെ ഇടതുപക്ഷം പാടെ ഒലിച്ചുപോയെന്ന്‌ സ്ഥാപിക്കാനായി കിണഞ്ഞുപരിശ്രമിച്ചവരെയെല്ലാം നിഷ്‌പ്രഭമാക്കിയാണ്‌ സർക്കാരും എൽഡിഎഫും കൂടുതൽ ജനപിന്തുണയാർജിച്ച്‌ മുന്നോട്ടുവന്നത്‌. ദുരന്തം പൊട്ടിയൊലിച്ച്‌ കണ്ണീർകടലായ വയനാടിനോടു പോലും ദയകാണിക്കാതെ കേന്ദ്രസർക്കാർ ഉപരോധം തുടരുമ്പോൾ അതിനോട്‌ പ്രതികരിക്കാനോ ശക്തമായി വാദിക്കാനോ പ്രതിപക്ഷമോ സിപിഐ എം വിരുദ്ധ മാധ്യമങ്ങളോ തയ്യാറായില്ല. സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും തനതു വരുമാനം വർധിപ്പിച്ച്‌ ക്ഷേമ വികസന പ്രവർത്തനങ്ങൾ നടത്താനും വിലക്കയറ്റം പിടിച്ചുനിർത്താനുമുള്ള സർക്കാർ ശ്രമത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ്‌ കഴിഞ്ഞ ഓണക്കാലം. ആരാണ്‌ ജനങ്ങൾക്കൊപ്പം നിൽക്കുന്നത്‌ എന്നതിന്‌ മറ്റു തെളിവുകൾ ആവശ്യമില്ല. മുറിക്കാനാവാത്ത ഇടതുവേരുകളുള്ള മണ്ഡലമാണ്‌ ചേലക്കര. എൽഡിഎഫ്‌ സ്വാധീനം തുടർച്ചയായി വർധിപ്പിക്കുന്ന മണ്ഡലമെന്ന്‌ കെ രാധാകൃഷ്ണന്റെ തുടർച്ചയായ വിജയങ്ങൾ തെളിയിച്ചിട്ടുണ്ട്‌. എൽഡിഎഫിന്‌ കൈപ്പിടയിലൊതുക്കാൻ അധികം വിയർക്കേണ്ടിവരാത്ത മണ്ഡലമാണ്‌ പാലക്കാടെന്ന്‌ മുമ്പുള്ള രണ്ടുവിജയങ്ങൾ സാക്ഷ്യം. വയനാട്‌ കൂടുതൽ മെച്ചപ്പെട്ട പ്രകടനം കാഴ്‌ചവയ്‌ക്കാനാകുമെന്നാണ്‌ കഴിഞ്ഞ ലോക്‌സഭാഫലം കാണിച്ചത്‌. റായ്‌ബറേലിയെ പുൽകി രാഹുൽഗാന്ധി വയനാടിനെ തഴയുമെന്ന്‌ എൽഡിഎഫ്‌ അന്ന്‌ പറഞ്ഞത്‌ യാഥാർഥ്യമായി. ഉപതെരഞ്ഞെടുപ്പ്‌ ചൂടിലേക്ക്‌  കേരളം കടന്നതോടെ കൊട്ടിഘോഷിച്ച സഹമന്ത്രിയുണ്ടായിട്ടും കേന്ദ്രസർക്കാർ തുടരുന്ന കേരളവിരോധവും അതിനെ കൂടുതൽ ശക്തിയോടെ പ്രചരിപ്പിക്കുന്ന പ്രതിപക്ഷ നിലപാടും പ്രധാനചർച്ചയാകുമെന്നും ഉറപ്പാണ്‌. Read on deshabhimani.com

Related News