ശബരിമല തീര്‍ഥാടകര്‍ 
എത്തിത്തുടങ്ങി ; പാർക്കിങ്ങിന് 
വിപുല സംവിധാനം , കെഎസ്‌ആർടിസി പൂർണസജ്ജം



പത്തനംതിട്ട ശബരിമല നടതുറക്കുന്നതിന് മുന്നോടിയായി തീർഥാടകർ പമ്പയിൽ എത്തിത്തുടങ്ങി. നവീകരിച്ച വിശ്രമകേന്ദ്രങ്ങൾ വെള്ളി പകൽ 12ന് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനംചെയ്യും. നിലയ്‌ക്കലും പമ്പയിലും വിരിവയ്‌ക്കാനും വിശ്രമിക്കാനും വിപുലമായ സംവിധാനം ഒരുക്കി. നിലയ്‌ക്കൽ മൂന്നുനില കെട്ടിടത്തിനുപുറമെ മൂവായിരം പേർക്ക് വിരിവയ്‌ക്കാൻ ബസ്‌സ്‌റ്റാൻഡിന്‌ സമീപത്ത്‌ പ്രത്യേക പന്തലുമൊരുക്കി. പമ്പയിലും നാലായിരത്തോളം പേർക്ക് വിരിവയ്‌ക്കാൻ ജർമ്മൻ പന്തലും സജ്ജമാക്കിയിട്ടുണ്ട്‌. കുടിവെള്ളത്തിന് ശരംകുത്തി മുതൽ സംവിധാനമൊരുക്കി. പമ്പയിൽനിന്ന് തീർഥാടകർക്ക് സ്റ്റീൽകുപ്പികൾ നൂറുരൂപ ഡെപ്പോസിറ്റ് വാങ്ങി നൽകും. വലിയ നടപ്പന്തലിലും കുടിവെള്ളത്തിന് പ്രത്യേക സംവിധാനമുണ്ട്‌. ചെയിൻ സർവീസുമായി 
കെഎസ്‌ആർടിസി പമ്പ–- നിലയ്‌ക്കൽ ചെയിൻ സർവീസിനായി കെഎസ്ആർടിസി 250ലേറെ ബസ്‌ വ്യാഴം വൈകിട്ടോടെ പത്തനംതിട്ടയിൽ എത്തിച്ചു. കൂടുതൽ തീർഥാടകരെത്തുന്ന ചെങ്ങന്നൂർ റെയിൽവേ സ്‌റ്റേഷൻ കേന്ദ്രീകരിച്ച് പ്രത്യേക ബസ് സർവീസ് നടത്തും. ആദ്യഘട്ടത്തിൽ 75 ബസ് തയ്യാറാക്കി. കെഎസ്ആ‍ർടിസി ബസിലെത്തുന്ന തീർഥാടകരെ നേരിട്ട് പമ്പവരെ എത്തിക്കും. പാർക്കിങ്ങിന് 
വിപുല സംവിധാനം രണ്ടായിരത്തിനടുത്ത് ചെറുവാഹനങ്ങൾ ചക്കുപാലത്തും ഹിൽടോപ്പിലും പാർക്ക് ചെയ്യാം. നിലയ്‌ക്കലിൽ രണ്ടായിരത്തിലധികം വാഹനങ്ങൾക്കുകൂടി പാർക്കുചെയ്യാൻ സജ്ജീകരണമായി. പതിനായിരത്തിനടുത്ത്‌ വാഹനങ്ങൾക്ക് നിലയ്‌ക്കലിൽ പാർക്കുചെയ്യാം. പാർക്കിങ് ക്രമീകരണത്തിന് 102 വിമുക്തഭടന്മാരുടെ സേവനം ലഭിക്കും.  ഡോക്ടർമാരുടെ 
സംഘമെത്തി ശബരിമലയിൽ സേവനത്തിന്‌ ചെന്നൈയിൽനിന്നുള്ള ന്യൂറോ സർജൻ എൻ റാം നാരായണന്റെ നേതൃത്വത്തിൽ സ്പെഷ്യലിസ്‌റ്റ്‌ ഡോക്ടർമാരുടെ സംഘം എത്തി. ആരോഗ്യവകുപ്പുമായി ചേർന്നാകും പ്രവർത്തനം. കെഎസ്‌ആർടിസി പൂർണസജ്ജം ശബരിമല മണ്ഡല–-മകരവിളക്ക്‌ തീർഥാടനത്തോടനുബന്ധിച്ച്‌ വിപുലമായ യാത്രാസൗകര്യമൊരുക്കി കെഎസ്‌ആർടിസി. കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, എറണാകുളം സൗത്ത്‌ റെയിൽവേ സ്‌റ്റേഷനുകൾ കേന്ദ്രീകരിച്ച്‌ കൂടുതൽ സർവീസ്‌ നടത്തും. പത്തനംതിട്ട, എരുമേലി, കോട്ടയം, എറണാകുളം, കുമളി, തൃശൂർ, പെരുമ്പാവൂർ, കൊട്ടാരക്കര ഡിപ്പോകൾ കേന്ദ്രീകരിച്ച്‌ അധിക സർവീസ് നടത്തും. അന്തർ സംസ്ഥാന സർവീസുകളും ഒരുക്കി. ട്രെയിൻ സമയത്തിനനുസരിച്ച്‌ റെയിൽവേ സ്‌റ്റേഷനുകളിൽനിന്നും ചെയിൻ സർവീസുമുണ്ടാകും. കോട്ടയം ഡിപ്പോയിൽനിന്ന്‌ 55 ബസുകളും എരുമേലിയിൽനിന്ന്‌ 18 ബസുകളും സർവീസ്‌ നടത്തും. പമ്പ ഡിപ്പോ കേന്ദ്രീകരിച്ച്‌ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ബസുകൾ എത്തിച്ചു. കോട്ടയം, പത്തനംതിട്ട ജില്ലകളിലെ വിവിധ ഡിപ്പോകളിൽനിന്നും പ്രത്യേക സർവീസുകളുണ്ടാകും. 40 യാത്രക്കാരിലധികം ഉണ്ടെങ്കിൽ സൗകര്യാർഥം ബസ്‌ ചാർട്ടുചെയ്യാം. ദേശാഭിമാനി ബ്യൂറോ ഉദ്ഘാടനം ഇന്ന് ശബരിമല സന്നിധാനത്ത്‌ ദേശാഭിമാനി ബ്യൂറോ വെള്ളിയാഴ്ച  പ്രവർത്തനം ആരംഭിക്കും. മന്ത്രി വി എൻ വാസവൻ വൈകിട്ട് ഉദ്ഘാടനംചെയ്യും. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പങ്കെടുക്കും. വലിയ നടപ്പന്തലിനുസമീപം പ്രണവം കോംപ്ലക്സിലാണ് ബ്യൂറോ.   ഫിറ്റ്നസ് ഇല്ലാത്ത ബസ് 
ഉപയോഗിക്കരുതെന്ന് ഹെെക്കോടതി ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ബസുകൾ ശബരിമല സർവീസിന് ഉപയോഗിക്കരുതെന്നും തീർഥാടകരെ ബസിൽ നിർത്തിക്കൊണ്ടുപോകരുതെന്നും ഹൈക്കോടതി. കോടതി നിർദേശങ്ങൾ കെഎസ്ആർടിസി പാലിക്കുന്നുണ്ടെന്ന് ഗതാഗത കമീഷണർ ഉറപ്പാക്കണമെന്നും ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, ജസ്റ്റിസ് എസ് മുരളീകൃഷ്ണ എന്നിവർ ഉൾപ്പെട്ട ദേവസ്വം ബെഞ്ച് നിർദേശിച്ചു. തീർഥാടകരുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ സിസിടിവി നിരീക്ഷണം വേണം.  പതിനെട്ടാംപടിയിൽ പരിചയസമ്പന്നരായ പൊലീസുകാരെ നിയോഗിക്കണമെന്നും ബെഞ്ച്‌ നിർദേശിച്ചു. തീർഥാടനത്തിന്‌ ഒരുക്കങ്ങൾ പൂർത്തിയായെന്ന്‌ ദേവസ്വം ബോർഡ് അറിയിച്ചു. തീർഥാടകർക്ക് മുഴുവൻസമയവും ബിസ്‌കറ്റും ചുക്കുവെള്ളവും വിതരണം ചെയ്യും. നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ അന്നദാനം നടത്തും. മണ്ഡലകാലത്ത് 18 മണിക്കൂർ ദർശനസൗകര്യം ഒരുക്കാൻ  തന്ത്രിയുടെ ഉറപ്പുലഭിച്ചിട്ടുണ്ടെന്നും അറിയിച്ചു. ഓൺലൈൻ, സ്‌പോട്ട് ബുക്കിങ്‌ നടത്താതെവരുന്നവരെ എങ്ങനെ നിയന്ത്രിക്കുമെന്ന്‌ അറിയിക്കാൻ കോടതി നിർദേശിച്ചു. എരുമേലി പരമ്പരാഗതപാതയിലും ഇടത്താവളങ്ങളിലും തീർഥാടകർക്ക് വിരിവയ്ക്കാനുംമറ്റും ക്രമീകരണങ്ങൾ ഏർപ്പെടുത്തിയെന്ന് വനംവകുപ്പ് അറിയിച്ചു. ജലവിതരണം മുടങ്ങാതിരിക്കാൻ സംവിധാനമൊരുക്കിയതായി ജല അതോറിറ്റി അറിയിച്ചു. Read on deshabhimani.com

Related News